Tuesday, May 23, 2017

ഒരു “ഹോളി” ഡേ

അറിയും തോറും അകലം കൂടുന്ന ഐ.ടി. എന്ന മഹാസാഗരം തേടി ലോകനാര്‍ക്കാവ് ഉറങ്ങുന്ന വടകരയില്‍ എത്തിയതും, അവിടെ നടത്തിയ സമരമുറകള്‍ വടക്കന്‍പാട്ടില്‍ എഴുതി ചേര്‍ക്കപെട്ടതും ഒക്കെ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. ആ കാലയളവില്‍ നടന്ന വേറൊരു സംഭവം ആണ് ഇന്നത്തെ കഥാതന്തു.
ഐ.ടി.മഹാസാഗരത്തിന്റെ കരയില്‍ ഞങ്ങള്‍ തിരയെണ്ണിയും കക്ക പെറുക്കിയും നടന്നിരുന്ന കാലം. ഒരു മാര്‍ച്ച്‌ മാസം. വര്ഷം ഏതെന്നു കൃത്യമായി ഓര്‍ക്കുന്നില്ല. കോളേജില്‍ എവിടുന്നോ പൊട്ടി മുളച്ച ഒരു ആശയം – നമക്ക് ഹോളി ആഘോഷിക്കണം. വടക്കേന്ത്യയില്‍ വളരെ പ്രചാരമുള്ള ഒരു ആഘോഷമാണ് ഹോളി. അതിന്റെ പിന്നില്‍ പുരാണങ്ങളില്‍ നിന്ന് ചികഞ്ഞെടുത്ത ഒരു കഥയുണ്ട്.
പണ്ട് ഹിരണ്യകശിപു എന്ന കലിപ്പ് ഡാവ് ബ്രഹ്മാവിനെ കുപ്പിയിലാക്കി തോരെ വരങ്ങളൊക്കെ അടിച്ചെടുത്ത് ദേവന്‍മാര്‍ക്കിട്ട് ചൊറിഞ്ഞോണ്ടിരിക്കണ ടൈം. കക്ഷിക്ക് റെബല്‍ ആയ ഒരു ജൂണിയര്‍ കശിപു ഉണ്ടായിരുന്നു – പ്രഹ്ലാദന്‍. ലവന്‍ ഫുള്‍ ടൈം മഹാവിഷ്ണുവിന്‍റെ ഫേസ്ബുക്ക് പേജില്‍ ലൈക്കടി, കമന്റടി, ഷെയറിംഗ് ഒക്കെ ആയിരുന്നു  പണി. ദിദ്‌ സീനിയര്‍ കശിപുവിനു തീരെ പിടിക്കുന്നില്ലായിരുന്നു. എങ്ങനെ പ്രഹ്ലാദന് പണി കൊടുക്കും എന്നതായി ഫുള്‍ ടൈം ആലോചന. പല രീതിയിലും ട്രൈ ചെയ്തു നോക്കി. എല്ലാം ചീറ്റി. ഒടുക്കം പുള്ളി അത് ഔട്ട്‌ സോര്‍സ് ചെയ്യാന്‍ ഒരു ശ്രമം നടത്തി. ബിസിനസ് കൃടിക്കള്‍ ആയ പണി ആയത് കൊണ്ട് സ്വന്തം സിസിനെ ആണ് അത് ഏല്‍പ്പിച്ചത്. പുള്ളിക്കാരീടെ പേര് – ഹോളിക. അപ്പൊ നിങ്ങള്‍ ചോദിക്കും ഈ ഹോളി ആണോ ആ ഹോളി എന്ന്.... എടുത്തു ചാടല്ലേ... പറഞ്ഞു വരട്ട്. ഈ ഹോളികക്ക് ഒരു ഫയര്‍ പ്രൂഫ്‌ ബ്ലാങ്കറ്റ് സ്വന്തമായി ഉണ്ടായിരുന്നു. അത് പുതച്ച് എരിതീയില്‍ ചാടിയാലും കുളിര്‍ക്കാറ്റ് കൊണ്ട ഫീല്‍ ആയിരിക്കും. അതിനെ ചുറ്റിപറ്റി പുള്ളിക്കാരി ഒരു പദ്ധതി ആവിഷ്കരിച്ചു. പ്രഹ്ലാദനെയും മടിയില്‍ ഇരുത്തി ആ ബ്ലാങ്കറ്റ് പുതച്ച് ഒരു ചിതയില്‍ ഇരിക്കുക. ചിതയ്ക്ക് തീ കൊളുത്തുമ്പോ ബ്ലാങ്കറ്റ് കാരണം താന്‍ സേഫ്.. പ്രഹ്ലാദന്‍ ഭസ്മം... ബു ഹു ഹ ഹ ഹ. പക്ഷെ കളി കാര്യമായപ്പോ പ്രഹ്ലാദന്റെ ബ്രോ മഹാവിഷ്ണു ഇടപെട്ട് ബ്ലാങ്കറ്റിന്റെ സുരക്ഷ പ്രഹ്ലാദനു കൊടുത്തു. ഹോളിക കത്തി അനിക്സ്പ്രേ ആയി. പൊടി പോലും കിട്ടിയില്ല കണ്ടുപിടിക്കാന്‍. ആ ദിവസം പില്‍ക്കാലത്ത് ഹോളിക ദഹനം അഥവാ ഹോളി എന്ന ആചാരം ആയി മാറി.
ഇപ്പോളും ഹോളിക്ക് രണ്ട് ആചാരങ്ങള്‍ പലയിടങ്ങളിലും അനുഷ്ടിച്ച് പോരുന്നു. ഹോളിയുടെ തലേദിവസം തീ കൂട്ടി അതിനു ചുറ്റും പാട്ട് പാടിയും നൃത്തം വെച്ചും അധര്‍മ്മത്തിനു മേല്‍ ധര്‍മ്മത്തിന്റെ വിജയം കൊണ്ടാടുന്നു. ഹോളിയുടെ അന്ന് വിവിധ നിറങ്ങള്‍ അന്യോന്യം പൂശിയും മധുരം വിതരണം ചെയ്തും ആഘോഷങ്ങള്‍ നടത്തുന്നു. ഇതില്‍ മേല്‍പ്പറഞ്ഞ ചായം പൂശല്‍ മാത്രമാണ് ഞങ്ങള്‍ ആഘോഷിക്കണം എന്ന് തീരുമാനിച്ചത്.
പദ്ധതി പ്രകാരം വിവിധ നിറത്തിലുള്ള പൊടികള്‍ പലരും വാങ്ങി അന്ന് കോളെജില്‍ കൊണ്ടു വരുകയും, അന്ന് വൈകുന്നേരം കോളേജ് വിട്ടു കഴിഞ്ഞ് ആഘോഷങ്ങള്‍ക്ക് തിരി കൊളുത്താമെന്നു ഒരു ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തു. ഇവിടെ എടുത്ത് പറയേണ്ട ഒരു കാര്യം ഈ സംഭവം നടക്കുന്നത് ഒരു വെള്ളിയാഴ്ച ആയിരുന്നു എന്നതാണ്. നിസ്കരിക്കാന്‍ പോകുന്നവര്‍ക്ക് സൌകര്യത്തിനായി വെള്ളിയാഴ്ച ദിവസം ഞങ്ങളുടെ ലഞ്ച് ഇന്റര്‍വല്‍ ഒന്നര മണിക്കൂര്‍ ആയിരുന്നു. ആ സമയം മുതലാക്കി എല്ലാ വെള്ളിയാഴ്ചയും ഞങ്ങളുടെ പ്രിന്‍സി ഒരു മണിക്കൂര്‍ നീളുന്ന സ്റ്റാഫ് മീറ്റിങ്ങും നടത്തി പോന്നിരുന്നു. അന്ന് ഞങ്ങളുടെ പദ്ധതികള്‍ എല്ലാം പാളി. വൈകിട്ട് തുടങ്ങാം എന്ന് വെച്ചിരുന്ന ആഘോഷത്തിനു ആരോ ഉച്ചക്ക് തന്നെ തിരി കൊളുത്തി. കത്തി പടരുന്ന കാട്ടുതീ പോലെ അത് കാമ്പസ് മൊത്തം പടരാന്‍ നിമിഷങ്ങളെ എടുത്തുള്ളൂ. കളര്‍ ഇല്ലാത്ത മുഖങ്ങളില്‍ എല്ലാവരും ചേര്‍ന്ന്‍ മഴവില്ല് വിരിയിച്ചു. ഓടി ടോയ്ലെറ്റില്‍ കയറി ഒളിച്ചവന്മാരെ കളര്‍ വെള്ളത്തില്‍ കലക്കി കതകിനു മുകളില്‍ കൂടി ഒഴിച്ച് സവര്‍ണ്ണരാക്കിയെടുത്തു. കീഴടങ്ങിയവരും പൊരുതി തോറ്റവരും അല്ലാതെ വിജയിച്ചവര്‍ ആരുമില്ലെന്ന് എല്ലാവരും ചേര്‍ന്ന് ഉറപ്പ് വരുത്തി.
അങ്ങനെ നാനാവിധ വര്‍ണ്ണങ്ങളില്‍ നീന്തിതുടിച്ച് നില്‍ക്കുമ്പോള്‍ ആണ് സ്റ്റാഫ് മീറ്റിംഗ് കഴിഞ്ഞ് പ്രിന്‍സിയും ടീച്ചര്‍മാരും മുറിക്കു പുറത്തേക്കു കടന്നത്. പുറത്തിറങ്ങിയ പ്രിന്‍സി ആദ്യം ഒന്ന് പകച്ചു, പിന്നെ ഒന്ന് കുതിച്ചു. ആദ്യം മുന്നില്‍ പെട്ട ഒരു പാവത്തിന്റെ കോളര്‍ അതാ പിടിയില്‍. സംഹാരത്തിന്റെ അവതാരപ്പിറവി ആയി മാറിയ പ്രിന്‍സി അവനോട് ആക്രോശിച്ചു – “ ഐ വാണ്ട് ടു നോ ഹൂ സ്റ്റാര്‍ട്ടട് ദിസ്”. പഞ്ചാബി ഹൌസിലെ കൊച്ചിന്‍ ഹനീഫയെ പോലെ ജബ ജബ ജബ പറഞ്ഞ് തടിയൂരാന്‍ അവന്‍ ഒരു ശ്രമം നടത്തി. പ്രിന്‍സി വീണ്ടും ഗര്‍ജിച്ചു – “ ഐ വില്‍ സസ്പെന്‍റ് ഈച്ച് ആണ്ട് എവരി വണ്‍ ഓഫ് യൂ”. ഇത്രയും പറഞ്ഞ് കക്ഷി സ്വന്തം മുറിയിലേക്ക് കയറി പോയി.
കഥകളില്‍ മാത്രം കേട്ട് പരിചയം ഉള്ള ഒരു ആചാരം – മാസ്സ് സസ്പെന്‍ഷന്‍. – ഹൊ ഒരു അഞ്ച് ദിവസം എങ്കിലും സസ്പെന്‍റ് ചെയ്തിരുന്നെങ്കില്‍ അഞ്ചും നാലും ഒന്‍പതു ദിവസം അവധി. മനസ്സില്‍ പൊട്ടിയ ലഡ്ഡു ഒന്നും രണ്ടുമല്ല... പൊട്ടിയ ലഡ്ഡുകളുടെ കണക്ക് എടുത്ത് തീര്ന്നില്ല അപ്പോളേക്കും പ്രിന്‍സിയുടെ ഓഫീസില്‍ നിന്ന് പ്യൂണ്‍ വന്നു പറഞ്ഞു ക്ലാസ് റെപ്പുകളെ പ്രിന്‍സി വിളിക്കുന്നെന്ന്‍. ഞങ്ങളുടെ സ്വന്തം ചെണ്ട...സോറി...റെപ്പ് അരുണ്‍ ജോസിനെ ഞങ്ങള്‍ യുദ്ധക്കളത്തിലേക്ക് പോകുന്ന ഒരു പട്ടാളക്കാരനെ പോലെ യാത്രയാക്കി, വിണ്ടും മാസ്സ് സസ്പെന്‍ഷന്‍ സ്വപ്നങ്ങളിലേക്ക് കടന്നു. അല്‍പ്പനേരം കഴിഞ്ഞ് പ്രിന്‍സിയുടെ മുറിക്ക് പുറത്തേക്ക് വന്ന റെപ്പിനോട് ഞങ്ങള്‍ ചോദിച്ചു – എത്ര ദിവസം ഉണ്ടെടാ സസ്പെന്‍ഷന്‍ എന്ന്... കിട്ടിയ ഉത്തരം പക്ഷെ ഞങ്ങളെ ഞെട്ടിച്ച് കളഞ്ഞു.
“പ്രിന്‍സി ചോദിച്ചു ക്ലാസ് ഇന്ന് വേണോ അതോ നാളെ മതിയോ എന്ന്...”

വാല്‍ക്കഷ്ണം: കൊതിച്ച സസ്പെന്‍ഷന്‍ കിട്ടിയില്ല. ക്ലാസ് അന്ന് തന്നെ തുടര്‍ന്നു. അന്ന് വൈകിട്ട് നാനാവര്‍ണ്ണവിഭൂഷിതരായി ടൌണില്‍ വന്നു ബസിറങ്ങിയ ഞങ്ങളെ വടകരക്കാര്‍ അന്യഗ്രഹജീവികളെ പോലെ തുറിച്ചു നോക്കി. കണ്ടവര്‍ കണ്ടവര്‍ കാണാത്തവരെ ചൂണ്ടി കാണിച്ചു. ഞങ്ങള്‍ക്ക് പക്ഷെ അതൊരു അംഗീകാരമായിരുന്നു. വടകരയില്‍ ആദ്യമായി ഹോളി കളിച്ചവര്‍ എന്ന ഖ്യാതി അന്നും ഇന്നും എന്നും ഞങ്ങള്‍ക്ക് തന്നെ. 

Sunday, September 18, 2016

ഒരു അത്യന്താധുനികംഅനന്തതയുടെ അപരാഹ്നത്തിൽ ഓരിയിട്ടു തെരുവുനായ്ക്കൾ
മേനക ഗാന്ധിക്കു ജലദോഷമായിരുന്നു അന്ന്...
മുഖ്യ മന്ത്രിയും പരിവാരങ്ങളും ഹർത്താൽ ആഘോഷിച്ചു
ജിയോയുടെ കൈയും പിടിച്ചു നടന്നകലുന്ന പ്രധാനമന്ത്രിയെ നോക്കി നെടുവീർപ്പിട്ടു ബി.എസ്.എൻ. എൽ
വെള്ളവും പശുവും മനുഷ്യരക്തം ചിന്തി
വാമനജയന്തി ആഘോഷം ആർഭാടമാക്കി ന്യായീകരണത്തൊഴിലാളികൾ
നരകത്തിലേക്ക് ചില തീരുമാനങ്ങൾ മാത്രം ദൂരമുള്ളിടത്ത് നിന്ന് കൊണ്ട് അവൾ അവനോട് ചോദിച്ചു
" ഈ നാടിനെയും കൈ വണ്ടിയിലേറ്റി വരികയില്ല നീ ഉടനെ ഇത് വഴി? " 

Tuesday, September 15, 2015

ഒരു കാൽനടയാത്ര

ആറു വർഷമായി നിർജീവമായി കിടന്നിരുന്ന ഈ ബ്ലോഗിനു കുറച്ച് ജീവന്റോണ്‍ കൊടുക്കാനുള്ള ഒരു പരിശ്രമം. പടച്ചോനേ കാത്തോളീ.....

സൻ ഉന്നീസ് സൊ നിന്ന്യാനബ്ബെ..അതായതുത്തമാ... ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്. ഒരു മാർച്ച് മാർച്ചര മാസം. ഞങ്ങൾ പന്ത്രണ്ടാം ക്ലാസ് പരൂക്ഷ എഴുതി തീരാറായ സമയം. അവസാനത്തെ കടമ്പ മാത്തമാറ്റിക്സ് . ഞങ്ങൾ ഒരു പറ്റം കൂട്ടുകാർ നേരത്തേ പരിപാടി ഇട്ടു. പരീക്ഷ തീരുന്ന അന്ന് കവിത തീയറ്ററിൽ ഫസ്റ്റ് ഷോ കാണാൻ പോണം. പടം - ഉസ്താദ്. ലാലേട്ടൻ മീശ പിരിച്ച് മുണ്ടും മടക്കി കുത്തിയാൽ എന്റെ സാറേ....

അങ്ങനെ പരീക്ഷ കഴിഞ്ഞ് എല്ലാരും വീട്ടിൽ പോയി ഉചയൂണൊക്കെ കഴിഞ്ഞ് തൃപ്പൂണിത്തുറ ബസ് സ്റ്റാന്റിൽ വന്ന് എറണാകുളത്തിനു ബസ് കയറി. ഞങ്ങൾ തീയറ്റരിനു മുമ്പിൽ എത്തുമ്പോഴേക്കും എന്റെ ഒരു കസിൻ ഞങ്ങൾക്കുള്ള ടിക്കറ്റ് എടുത്തു വെച്ചിരുന്നു. അത് കൊണ്ട് ക്യൂ പാലിക്കേണ്ടി വന്നില്ല. നേരേ തീയറ്ററിനുള്ളിലേക്ക്. തകർപ്പൻ പടം. ന്യു ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ മരണ മാസ്സ്‌.

പടം കണ്ടിറങ്ങിയപ്പോ സമയം എതാണ്ട് എട്ടര മണി. വിശപ്പിന്റെ വിളി കേട്ട് ഞങ്ങൾ നേരെ വെച്ചു പിടിച്ചു മറൈൻ ഡ്രൈവിലേക്ക്. അവിടുത്തെ തട്ടുകടയിൽ നിന്ന് പൊറോട്ടയും ബീഫും. കനത്ത പോളിങ്ങ് ആയിരുന്നു. ആ കലാപരിപാടി കഴിഞ്ഞു വന്നപ്പോ സമയം ഏതാണ്ട് പത്തു മണി. വയറു നിറഞ്ഞപ്പോ കൂട്ടത്തിൽ ആർക്കോ തലയിൽ ഒരു ബൾബ് കത്തി.

"നമക്ക് കുറച്ചു ദൂരം നടന്നാലോ? "

ഒരു പരീക്ഷ തീർന്ന ആശ്വാസം. എന്ട്രൻസ് എന്ന ബാലികേറാമല ഇനിയും കിടക്കുന്നല്ലോ എന്ന വേവലാതി. അപ്പോ പിന്നെ കിട്ടുന്ന സമയം മാക്സിമം മുതലാക്കണ്ടേ? കേട്ടവർ കേട്ടവർ അതേറ്റു പിടിച്ചു. വീട്ടിൽ എത്താൻ ധൃതി ഉള്ള രണ്ടു പേരേ ഞങ്ങൾ ബസ് കയറ്റി വിട്ടു. ബാക്കി ഞങ്ങൾ നാല് പേർ - കിബി കുമരേശൻ എന്ന കിബി (അവന്റെ ശരിക്കുള്ള പേരാ.... ഇരട്ടപ്പേരല്ല..), ജോണ്‍ മാത്ത്യു എന്നാ മത്തായി, അശോക്‌ എന്ന അപ്പുകുട്ടൻ , പിന്നെ ഞാൻ എന്ന ഞാനും. ഞങ്ങൾ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു - ബസ് കിട്ടുന്നില്ല...ഞങ്ങൾ നടന്നു തുടങ്ങുവാണ് എന്ന്... മക്കൾ അവിടെ നിക്ക്... കാറും കൊണ്ടു വരാം എന്ന് പറഞ്ഞ അച്ഛനമ്മമാരെ കുഴപ്പമില്ല ഞങ്ങൾ വന്നോളാം എന്ന് പറഞ്ഞ് ഞങ്ങൾ സമാധാനപ്പെടുത്തി.

അങ്ങനെ ഞങ്ങൾ നടന്നു തുടങ്ങി. നടന്നു മടുക്കുമ്പോ ആദ്യം കിട്ടുന്ന ബസിൽ കയറി പോകാം എന്നായിരുന്നു തീരുമാനം. പുത്തനച്ചിയുടെ പുരപ്പുറം തൂപ്പ് പോലെ ആദ്യമൊക്കെ നല്ല സ്പിരിറ്റ്‌ ആയിരുന്നു. വിളിച്ചു കയറ്റാൻ വന്ന ബസുകാരെ ഒക്കെ ഞങ്ങൾ സലാം പറഞ്ഞു മടക്കി അയച്ചു. മറൈൻ ഡ്രൈവിൽ നിന്ന് സൗത്ത് ഒവർ ബ്രിഡ്ജ്‌  എത്തിയപ്പൊളേക്കും ആദ്യത്തെ ആവേശമൊക്കെ ഏതാണ്ട് കെട്ടടങ്ങി. ഒടുവിൽ മനോരമ ജംക്ഷനിൽ എത്തി ഞങ്ങൾ സുല്ലിട്ടു. അടുത്ത ദിവസം അവിടെ സോണിയ ഗാന്ധി വരുന്നുണ്ടായിരുന്നു. അതിന്റെ ഒരുക്കങ്ങൾ ഒക്കെ ആയിരുന്നു അവിടെ. ഇനി വരുന്ന ആദ്യത്തെ ബസിൽ കയറാം എന്ന തീരുമാനവുമായി ഞങ്ങൾ അവിടെ തമ്പടിച്ചു. കുറച്ചു നേരമായിട്ടും അതു വഴി ബസൊന്നും വന്നില്ല. ഞങ്ങൾ അവസാനം സലാം പറഞ്ഞ് മടക്കി അയച്ചത് ത്രുപ്പൂണിത്തുറക്കുള്ള ലാസ്റ്റ് ബസായിരുന്നെന്നു ഞങ്ങൾ ആരും അറിഞ്ഞിരുന്നില്ല

ഇനി എറണാകുളത്തിന്റെ ഭൂമിശാസ്ത്രം അറിയാവുന്നവർ ഇത് മനസ്സിൽ  കാണുക.

മനോരമ ജംക്ഷന്റെ ഇടതു വശത്തെ ഫുട്ട് പാത്തിൽ കിംകരണീയരായി കുത്തിയിരിക്കുന്ന ഞങ്ങൾ നാല് പേർ. സൗത്ത് ഓവർ ബ്രിഡ്ജ് ഇറങ്ങി വരുന്ന ഒരു പോലീസ് ജീപ്. മനോരമ ജംക്ഷൻ എത്താറായപ്പൊ അതൊന്നു സ്ലോ ഡൌണ്‍ ചെയ്തു. ഞങ്ങൾ നാല് പേരും അത് കണ്ട് എണീറ്റ് നിന്നു. ജീപ്പ് ഞങ്ങളുടെ മുന്നിൽ നിർത്തി...നിർത്തിയില്ല എന്ന നിലയിൽ വന്ന് അത് പനമ്പള്ളി നഗർ സൈഡിലേക്കു തിരിഞ്ഞു പോയി. "സംശയാസ്പദമായ നിലയിൽ കണ്ട നാല് ചെറുപ്പക്കാർ അറസ്റ്റിൽ" എന്ന വാർത്ത വരുന്നതിലും നല്ലതാണല്ലോ കാലിനു കുറച്ചു വേദന വരുന്നത്. അതുകൊണ്ട് ഞങ്ങൾ വീണ്ടും നടന്നു തുടങ്ങി.

വഴിയിൽ തുറന്നിരുന്ന കടകളിൽ നിന്ന് ഉപ്പ് സോഡാ കുടിച്ചുംനടപ്പിന്റെ ക്ഷീണം മറക്കാൻ പറ്റാവുന്ന കത്തികൾ ഒക്കെ അടിച്ചും ഞങ്ങൾ എതാണ്ട് ഒരു മണി കഴിഞ്ഞപ്പോളേക്കും എന്റെ വീട്ടിൽ എത്തി. ആ സമയത്ത് ഒറ്റയ്ക്ക് അവരവരുടെ വീടുകളിലേക്ക് പോകുന്നത് ആത്മഹത്യാപരം ആണെന്ന തിരിച്ചറിവാണ് ഞങ്ങളെ ഇങ്ങനത്തെ ഒരു സംഘടിത മുന്നേറ്റത്തിനു പ്രേരിപ്പിച്ചത്. കൂട്ടുകാർ കൂടെയുള്ളപ്പോ അച്ഛൻ അധികം വഴക്ക് പറയില്ല എന്ന് ഞാനും, രാവിലെ ആവുമ്പോളേക്കും വീട്ടുകാരുടെ ദേഷ്യം ഒന്ന് തണുക്കുമെന്ന് ബാക്കി മൂന്ന് പേരും വിശ്വസിച്ചു. ഞങ്ങളുടെ വിശ്വാസം ഞങ്ങളെ രക്ഷിച്ചു. കിലോമീറ്റർ പന്ത്രണ്ട് നടന്നപ്പൊളേക്കും കഴിച്ച പൊറോട്ടയും ബീഫും ഒക്കെ വയറ്റിൽ നിന്ന് ആവിയായി. പിന്നെ രാത്രി ഒന്നര മണിക്ക് അമ്മ ഞങ്ങൾക്ക് ചപ്പാത്തിയും കറിയും ഉണ്ടാക്കി തന്നു. അതും കഴിച്ച് ഞങ്ങൾ മുറിയിലേക്ക് കയറി.

എന്തായാലും ഇത്രേം ആയി. എന്നാൽ പിന്നെ ഇന്ന് ഉറങ്ങാതിരുന്നൂടെ എന്ന് ഞാനും കിബിയും. അങ്ങനെ എങ്കിൽ അങ്ങനെ എന്ന് അപ്പുകുട്ടനും മത്തായിയും. എന്നാൽ പിന്നെ ടെറസിൽ പോയി കുറച്ചു നേരം നിലാവ് കൊള്ളാം എന്ന് ഞങ്ങൾ തീരുമാനിച്ചു. എന്നെയും കിബിയെയും ടെറസിൽ ആക്കി, മുറിയിൽ കയറി കതക് കുറ്റിയിട്ടു കഥക്കു ആന്റിക്ലൈമാക്സ്‌ ആക്കി കളഞ്ഞു അപ്പുകുട്ടനും മത്തായിയും. കുംഭകർണ്ണ സേവയ്ക്ക് വിഘ്നം വരുത്തുന്നത് തീരെ ഇഷ്ടമില്ലാത്ത ആ കശ്മലന്മാർ കതകു തുറന്നത് അടുത്ത ദിവസം രാവിലെ ആണ്. അതുകൊണ്ട് ഞങ്ങടെ ഉറക്കം ഹാളിൽ ഉള്ള സോഫ മേൽ ആക്കേണ്ടി വന്നു.


ഈ കഥ കേട്ട പലരും പറഞ്ഞത് ഞങ്ങൾക്ക് വട്ടായിരുന്നു എന്നാണ്. എന്നാലും ആ കാൽനടയാത്ര ഒത്തുകൂടുമ്പോ അയവിറക്കാൻ പറ്റിയ ഒരു മധുരമുള്ള ഓർമ്മയായി ഇന്നും നിലകൊള്ളുന്നു. ഇന്നാരുന്നേൽ വരുന്ന വഴിക്ക് ഒരു നൂറു സെൽഫിയും എടുത്ത് ആ നടപ്പ് മായാത്ത ചിത്രങ്ങളായി ലാപ് ടോപ്പിൽ ഇടാമായിരുന്നു. പക്ഷെ മൊബൈൽ ഫോണ്‍ പോലും എന്തെന്ന് അറിയാത്ത ആ കാലത്തെ അനുഭവങ്ങൾക്ക് ചിത്രങ്ങൾ അകമ്പടി ഇല്ല.... ചിത്രങ്ങളേക്കാൾ മിഴിവുറ്റ ഇങ്ങനത്തെ ചില ഓർമ്മകൾ മാത്രം...

Monday, May 11, 2009

നിമിഷാർദ്ധം

ക്യാമറയിൽ കൂടി നോക്കുമ്പോൾ ലോകത്തിനു ഭംഗി കൂടുമെന്നു എനിക്ക് മനസ്സിലാക്കി തന്നത് എന്റെ ഒരു പഴയ കൂട്ടുകാരി ആണ്. ഫോട്ടോഗ്രാഫിയിൽ എനിക്കു താത്പര്യം തോന്നാൻ കാരണം പുള്ളിക്കാരീടെ ബ്ലോഗ് ആണ്. www.jeenajayakumar.blogspot.com.

ഓരോ ചിത്രവും ഒരു കഥ പറയുന്നുവെന്നും ആ കഥ ബാക്കിയുള്ളവരെ കേൾപ്പിക്കാൻ ഒർക്കുട്ട് ആൽബത്തിൽ എഴുതുന്ന രണ്ട് വരി മതിയാവില്ലെന്നും അതിനു പറ്റിയത് ഒരു ഫോട്ടോബ്ലോഗ് ആണെന്നും എനിക്കു കാട്ടിത്തന്നത് എന്റെ വേറൊരു കൂട്ടുകാരൻ. http://smrithijaalakam.blogspot.com

എന്റെ ചിത്രങ്ങൾ പറയുന്ന കഥകൾ നിങ്ങളിലേക്കെത്തിക്കാൻ ഞാനും ഒരു ഫോട്ടോബ്ലോഗ് തുടങ്ങുന്നു. www.nimishaardham.blogspot.com. വരുക....നിങ്ങളുടെ വരവിനായി കാതോർത്തിരിക്കുന്നു.....ഞാനും, എന്റെ ചിത്രങ്ങളും, അവർക്ക് പറയാനുള്ള കഥകളും.......

Friday, January 18, 2008

പയ്യോളി പോലീസ് സ്റ്റേഷനില്‍ ഒരു പകല്‍ (ഒരു സമരകഥ- ഭാഗം 2)

മൂന്നാം ദിവസം. അഡ്മിഷന്‍ ഡേ. രണ്ട് ദിവസം കൊണ്ട് കുത്തിയിരിപ്പ് കലാപരിപാടിയില്‍ ഞങ്ങള്‍ എക്സ്പ്പെര്‍ട്ട് ആയിക്കഴിഞ്ഞിരുന്നു. ആ പ്രാവീണ്യം തെളിയിക്കാന്‍ വേണ്ടി, അഡ്മിഷന്‍ നടത്താന്‍ വെച്ചിരുന്ന റൂമിനു മുമ്പിലേക്കും കൂ‍ടി ഞങ്ങള്‍ ഞങ്ങളുടെ കുത്തിയിരിപ്പ് വ്യാപിപ്പിച്ചു. രണ്ട് ദിവസമായി ഞങ്ങള്‍ ജീവനുണ്ടോ എന്നു സംശയിച്ചിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട പ്രിന്‍സിക്ക് അന്ന് രാവിലെ അനക്കം വെച്ചു. ഡിമാന്റുകള്‍ അംഗീകരിക്കാം അഡ്മിഷന്‍ തടയരുത്തെന്നായിരുന്നു പ്രിന്‍സിയുടെ റിക്വെസ്റ്റ്. ഡിമന്റുകള്‍ അംഗീകരിക്കാം എന്ന് പറഞ്ഞാല്‍ മാത്രം പോര, ഇന്‍ റൈറ്റിങ്ങ് കിട്ടണം എന്ന് വിദ്യാര്‍ത്ഥികള്‍. അതു പറ്റില്ല എന്നു മാത്രമല്ല അഡ്മിഷന് തടസം നിന്നാല്‍ പോലീസിനെ വിളിക്കും എന്ന് പ്രിന്‍സി. ആ ഭീഷണിക്ക് പുല്ലു വില കല്‍പ്പിച്ചുകൊണ്ട്, സമരം മുമ്പോട്ട് പോകും അഡ്മിഷന്‍ നടക്കില്ല എന്നു വിദ്യാര്‍ത്ഥികള്‍.

അന്നെന്തായാലും പ്രിന്‍സി പോലീസിനെ വിളിച്ചില്ല. അഡ്മിഷന്‍ നടക്കാന്‍ ഞങ്ങള്‍ സമ്മതിച്ചുമില്ല. മക്കളെ എഞ്ചിനീയറിങ്ങ് കോളേജില്‍ ചേര്‍ക്കാന്‍ വന്ന ചില അച്ഛനമ്മമാര്‍ക്ക് ഞങ്ങളുടെ ധാര്‍മ്മിക രോഷം ശരിക്കും മനസ്സിലായില്ല. അവരും രണ്ട് ചേരിയായി തിരിഞ്ഞു. അഡ്മിഷന്‍ നടത്താന്‍ സമ്മതിക്കണമെന്നും അതു കഴിഞ്ഞാല്‍ അവരും ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാമെന്നും ഒരു കൂട്ടര്‍. ഞങ്ങള്‍ ചെയ്യുന്നതു കോളേജിന്റെ നല്ലതിനു വേണ്ടി ആണെന്നും ഇതു അവരുടെ മക്കള്‍ക്കും കൂടി പഠിക്കെണ്ട കോളേജ് ആയതുകൊണ്ട് ഞങ്ങള്‍ ചെയ്യുന്നതു ഒരു നല്ല കാര്യമാണെന്നും മറ്റൊരു കൂട്ടര്‍. ആദ്യം പറഞ്ഞ കൂട്ടരുടെ കൈയ്യില്‍ നിന്നും ഞങ്ങളുടെ റെപ്പിന് അത്യാവശം ചീത്തയും കേട്ടു. എന്തായാലും അന്ന് അഡ്മിഷന്‍ നടന്നില്ല.

അടുത്ത ദിവസം ഞങ്ങള്‍ കോളേജിലെത്തുമ്പൊ ഒരു പോലീസ് ജീപ്പും ഒരു പോലീസ് വാനും കോളേജിനു പുറത്ത് കിടക്കുന്നു. ഉള്ളൊന്നു കാളിയെങ്കിലും സകല സമരഗുരുക്കളേയും മനസ്സില്‍ ധ്യാനിച്ച് ഞങ്ങള്‍ പരിപാടികള്‍ ആരംഭിച്ചു. പഴയ പ്രേം നസീര്‍ സിനിമകളില്‍ ക്ലൈമാക്സിലെ സ്റ്റണ്ട് കഴിയാറാവുമ്പൊ എത്തുന്ന പോലീസുകാരോട് വില്ലന്മാരെ ചൂണ്ടി നായകന്‍ പറയുന്നതുപോലെ പ്രിന്‍സി ആജ്ഞാ‍പിച്ചു. “അറസ്റ്റ് ദെം”. അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരോട് ഞങ്ങള്‍ക്കു രണ്ടായിരുന്നു കണ്ടീഷന്‍സ്. ഒരു പ്രശ്നവും ഉണ്ടാക്കാതെ ഞങ്ങള്‍ കൂടെ വരാം. പക്ഷെ ഞങ്ങള്‍ ഇരുന്നേ പോവൂ. ആകെപ്പാടെ ഒരു വാനും ഒരു ജീപ്പും ഉണ്ട്. കൂടിപ്പോയാല്‍ സീറ്റിങ്ങ് കപ്പാസിറ്റി ഒരു 20. ഞങ്ങള്‍ എല്ലാം കൂടെ പോപ്പുലേഷന്‍ ഏതാണ്ട് 300 എങ്കിലും വരും. (അറസ്റ്റ് പേടിച്ച് അന്ന് കോളേജില്‍ വരാത്തവരെ കൂട്ടാതെ). ഒരു വാനും ഒരു ജീപ്പും കൂടി വന്നാലും ട്രിപ്പ് അടിച്ച് കുറെ ഡീസല്‍ കത്തിപ്പോവും. പിന്നെ അടുത്ത കണ്ടീഷന്‍, ആദ്യം പെണ്‍കുട്ടികളെ കൊണ്ടുപോവണം എന്ന്. രണ്ടും അവര്‍ സമ്മതിച്ചു. അങ്ങനെ അറസ്റ്റ് തുടങ്ങി.

അറസ്റ്റ് എന്നു പറയുമ്പോ ഇരുണ്ട ഒരു ലോക്കപ്പും അഴികളുമൊക്കെ ആയിരുന്നു എന്റെ മനസ്സില്‍ തെളിയുന്നത്. അങ്ങനെ പെണ്‍കുട്ടികളുടെ ലാസ്റ്റ് ട്രിപ്പില്‍ കുറച്ച് ആണ്‍കുട്ടികളും കയറി. ഞാനും എന്റെ കൂട്ടുകാരന്‍ ബോബിയും ആയിരുന്നു ജീപ്പിന്റെ മുമ്പിലത്തെ സീറ്റില്‍ ഡ്രൈവറുടെ കൂടെ. കയറി ജീപ്പ് വിട്ടതും ഞങ്ങള്‍ മുദ്രാവാക്യം വിളി തുടങ്ങി. ഇതു എന്റെ ആദ്യത്തെ സമരമാണെന്ന് ആരും വിചാരിക്കെണ്ട....സമരവും ജയിലും ഒക്കെ ഒരു പുത്തരിയല്ല എന്നു വിചാരിച്ചോട്ടെ എന്നു മനസ്സില്‍ കരുതി ഘോരഘോരം ഞാനും മുദ്രാവാക്യം വിളിച്ച് തുടങ്ങി. ഞങ്ങളുടെ ചോരത്തിളപ്പ് കണ്ട് ഒരു ചെറുപുഞ്ചിരിയോടെ ആ ജീപ്പ് ഡ്രൈവര്‍ ചോദിച്ചു,

“ഇതിപ്പൊ ആരേ കേള്‍പ്പിക്കാനാ ഈ മുദ്രാവാക്യം വിളി?. ടൌണ്‍ എത്താറാവുമ്പോ ഞാന്‍ പറയാം. അപ്പൊ വിളിച്ച് തുടങ്ങിയാ‍ മതി.”

അതു കേട്ട് ഞങ്ങള്‍ ഒന്നടങ്ങി. പറഞ്ഞതു പോലെ ടൌണ്‍ എത്തുന്നതിനു ഒരഞ്ച് മിനിറ്റ് മുമ്പ് പുള്ളി പറഞ്ഞു, ടൌണ്‍ എത്താറായി...വിളിച്ചു തുടങ്ങിക്കോളാന്‍. എന്റെ മനസ്സില്‍ ഉണ്ടായിരുന്ന പോലീസുകാരന്റെ ഇമേജുമായിട്ട് പുള്ളി തീരെ അങ്ങോട്ട് മാ‍ച്ച് ആവുന്നില്ലായിരുന്നു...മുദ്രാവാക്യം വിളിക്കാന്‍ പോലീസുകാരന്‍ പറയ്യേ....ഇതു വരെ കേട്ടിട്ടും വായിച്ചിട്ടും ഒക്കെ ഉള്ളതു മുദ്രാവാക്യം വിളിക്കാന്‍ വാ തുറന്നാല്‍ വായില്‍ ലാത്തി കുത്തികേറ്റുന്ന പോലീസുകാരെ കുറിച്ചാണ്. അതിനിടെ ഇങ്ങനൊരാള്‍. ഈ ചിന്താക്കുഴപ്പങ്ങളും മുദ്രാവാക്യം വിളിയുമൊക്കെയായി ഞങ്ങള്‍ അങ്ങനെ പയ്യോളി പോലീസ് സ്റ്റേഷനില്‍ എത്തി. അവിടെ കണ്ട കാഴ്ച..........

നല്ല പച്ചപ്പുല്ലിന്റെ ലോണ്‍...അതില്‍ വട്ടം കൂടിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍.....അന്താക്ഷരിയോ മറ്റോ കളിക്കുന്നതില്‍ ബിസി ആയിരുന്നു അവര്‍....പിന്നെ ചിലര്‍ അവിടത്തെ പോലീസുകാരുമായി കത്തിയടി....എല്ലാരും നല്ല ജോളി മൂഡ്...പിന്നെ അധികം ആലോചിക്കാന്‍ നിന്നില്ല...ഞങ്ങളും കൂടി...പോലീസ് സ്റ്റേഷനില്‍ കിടന്നര്‍മ്മാദിക്കാന്‍ ദൈവം ഇനി ഒരവസരം തന്നില്ലെങ്കിലോ...

വാല്‍ക്കഷ്ണം: സമരം അടുത്ത ദിവസം ഒത്തുത്തീര്‍പ്പായി...പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ സഹകരിച്ച ഞങ്ങളെ പോലീസുകാര്‍ക്ക് വളരെ ഇഷ്ടമായി....അറസ്റ്റു പേടിച്ച് അന്ന് കോളേജില്‍ വരാത്തവരെ അടുത്ത ദിവസം എല്ലാരും കൂടി കൂവി നാറ്റിച്ചു.....S5ഇല്‍ ടൂര്‍ നടക്കാത്തതു കാരണം പയ്യോളി പോലീസ് സ്റ്റേഷനിലെ ആ ഒരു പകല്‍ ഞങ്ങള്‍ ഒരു പിക്നിക് ആയി ഇന്നും മാനിച്ചുപോരുന്നു.....

Wednesday, January 9, 2008

ഒരു സമരകഥ- ഭാഗം 1.

എഞ്ചിനീയറിങ് കോളേജില്‍ എത്തുമ്പോള്‍ സമരം എന്ന സാധനം എനിക്കു റ്റിവിയിലും പത്രങ്ങളിലും മാത്രം കണ്ടറിവുള്ള ഒന്നായിരുന്നു. എന്റെ സ്കൂള്‍ വിദ്യാഭ്യാസം മുഴുവന്‍ ചിന്മയാ വിദ്യാലയ, തൃപ്പൂണിത്തുറയില്‍ ആയിരുന്നു. അവിടെ ഞങ്ങള്‍ക്കു സമരത്തേക്കുറിച്ചാലോചിക്കാന്‍ ഒരു സന്ദര്‍ഭം ഒത്തുവന്നില്ല. അങ്ങനെ സമരത്തിന്റെ തിയററ്റിക്കല്‍ ക്നോളേജ് മാത്രമായിട്ടാ‍ണ് ഞാന്‍ കോ ഓപറേറ്റിവ് ഇന്‍സ്റ്റിറ്റൂട്ട് ഒഫ് ടെക്നോളജിയില്‍ (സി.ഐ.ടി.വി) കാലെടുത്തു വെക്കുന്നത്.

കഥയിലേക്ക് കടക്കും മുമ്പ് സി.ഐ.ടി.വിയെ കുറിച് ഒരു നാലു വരി. ആ കാലത്തു കേരളത്തില്‍ കൂടുതലും ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. കേരളത്തിനു വെളിയില്‍ ബാക്കി ദക്ഷിണേന്റ്യന്‍ സംസ്ഥാനങ്ങളില്‍ കൂണു പോലെ മുളച്ചുകൊണ്ടിരുന്ന ഒരു വസ്തുവായിരുന്നു പ്രൈവറ്റ് എഞ്ചിനീയറിങ്ങ് കോളേജുകള്‍. 1999ഇല്‍ കേരള ഗവണ്മെന്റ് ഒരു പുതിയ കണ്ടുപിടിത്തം നടത്തി - സെമി ഗവണ്മേന്റ് എഞ്ചിനീയറിങ്ങ് കോളേജുകള്‍. അങ്ങനത്തെ കോളേജുകളുടെ നോക്കി നടത്തിപ്പിനു വേണ്ടി തുടങ്ങിയ ഒരു സ്ഥാപനമാണ് കോ ഓപറേറ്റീവ് അക്കാ‍ദമി ഒഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ അഥവാ കേപ്. കേപ്പിന്റെ കീഴില്‍ ഉള്ള ആദ്യത്തെ കോളേജ് എന്ന ബഹുമതി ഞങ്ങളുടെ സ്വന്തം സി.ഐ.ടി.വിക്ക് ഉള്ളതായിരുന്നു. അവിടുത്തെ ആദ്യത്തെ ബാച്ച് എന്ന പട്ടം ഞങ്ങള്‍ക്കും.

ഭാരതാംബയുടെ മാറില്‍ വിരിയുന്ന എല്ലാ എഞ്ചിനീയറിങ്ങ് കോളേജുകളുടേയും തലതൊട്ടപ്പനാണ് ആള്‍ ഇന്‍ഡിയ കൌണ്‍സില്‍ ഒഫ് ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (ഏ.ഐ.സി.ടി.ഇ). മൂപ്പരുടെ അനുഗ്രഹം ഇല്ലെങ്കില്‍ പഠിച്ചിറങ്ങുമ്പോള്‍ കിട്ടുന്ന ഡിഗ്രി സര്‍ട്ടിഫിക്കെറ്റില്‍ കോളേജിനു മുമ്പിലുള്ള ചായക്കടയില്‍ നിന്നും പരിപ്പുവട പൊതിഞ്ഞുകൊണ്ടുപോകാം. പുതുതായി തുടങ്ങുന്ന കോളേജുകള്‍ക്ക് കോളേജില്‍ അപ്പോളുള്ള സൌകര്യങ്ങളുടെ അടിസ്ഥാനത്തില്‍ 1 വര്‍ഷത്തെ പ്രൊവിഷണല്‍ റെക്കൊഗ്നിഷന്‍ കിട്ടും. ഒരു വര്‍ഷം കഴിയുമ്പോള്‍ കോളേജിന്റെ പെര്‍മനെന്റ് ബില്‍ഡിങ്ങും മറ്റും കാട്ടി പെര്‍മനെന്റ് റെകൊഗ്നിഷന് അപേക്ഷിക്കണം. ഏ.ഐ.സി.ടി.ഇ മുത്തച്ഛന് അതൊക്കെ കണ്ട് ബോധിച്ചാല്‍ കോളേജിനെ ഭാരതത്തില്‍ എഞ്ചിനീയറിങ്ങ് പഠിപ്പിക്കാന്‍ പറ്റിയ സ്ഥലങ്ങളുടെ ലിസ്റ്റില്‍ ചേര്‍ക്കും.

ഞങ്ങള്‍ പഠിക്കാന്‍ തുടങ്ങുമ്പോള്‍ കോളേജിനു പ്രൊവിഷണല്‍ റെകൊഗ്നിഷന്‍ ഉണ്ടായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പൊ ‍ അതില്ലാണ്ടായി. ഞങ്ങളുടെ കോളേജിനും അതിനു മുമ്പിലുള്ള തട്ട് കടക്കും എ. ഐ. സി. ടി. ഇയുടെ കണ്ണില്‍ തുല്ല്യ വിലയായി...ശ്ശെ...അങ്ങനെ പറയുന്നതും ശരിയല്ല. തട്ട് കടയില്‍ ചെന്നാല്‍ ഒന്നുമില്ലെങ്കില്‍ ചായയും കല്ലുമ്മക്ക ഫ്രൈയും കിട്ടും. ഞങ്ങളുടെ കോളേജില്‍ വന്നാല്‍ എടുത്തു കൊടുക്കാന്‍ എയറ് പിടിച്ച് നില്‍ക്കുന്ന ഞങ്ങളുടെ പ്രിന്‍സിയും പിന്നെ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ച സ്ക്രൂ പോയ ഒന്നു രണ്ടു ഡ്രാഫ്റ്ററുകളും മാത്രം.

ഞങ്ങളുടെ ബാച്ച് കഴിഞ്ഞ് ഒരു ബാച്ച് കൂടി വന്നു. അതിന്റെ അടുത്ത ബാച്ച് വരാറായിട്ടും എ.ഐ.സി.ടി.ഇ. റെകൊഗ്നിഷന്റെ കാര്യം സംസാരിക്കുമ്പോള്‍ “അരിയെത്ര” എന്ന ചോദ്യത്തിന് “പയറഞ്ഞാഴി” എന്ന മോഡല്‍ ഉത്തരമാണു ഞങ്ങളുടെ ബഹുമാനപെട്ട പ്രിന്‍സി തന്നുകൊണ്ടിരുന്നത്. ഒടുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷമ നശിച്ചു. ഇതിന്റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ആകാതെ അടുത്ത ബാച്ചിന്റെ അഡ്മിഷന്‍ നടത്താന്‍ സമ്മതിക്കരുതെന്ന് തീരുമാനം ആയി. മൂന്നാം ദിവസം അഡ്മിഷന്‍ ആണ്. അടുത്ത ദിവസം ഞങ്ങള്‍ സമരം തുടങ്ങി. പറയുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ച് ആദ്യസമരത്തിന്റെ ഉത്സാഹത്തില്‍ ഞാനും. സമരത്തിന്റെ മുഖ്യ പരിപാ‍ടി പ്രിന്‍സിയുടെയും മറ്റും ഓഫീസിന്റെ മുമ്പില്‍ നിരന്നിരിക്കുക എന്നതായിരുന്നു. ഇടക്കിടക്കു മുദ്രാവാക്യം വിളി. വിളിച് മടുക്കുമ്പോള്‍ ഇരുന്നു അശ്വമേധം, അന്താക്ഷരി മുതലായ കളികള്‍, പ്രിന്‍സിയോ വേറേ സാറുമ്മാരോ ആരേയെങ്കിലും പുറത്ത് കണ്ടാല്‍ പൂര്‍വാധികം ശക്തിയോടെ മുദ്രാവാക്യം വിളി. അങ്ങനെ സമരത്തിന്റെ ആദ്യ ദിവസം വിജയകരമായി പൂര്‍ത്തീകരിച്ചു. രണ്ടാം ദിവസവും ഇതൊക്കെ തന്നെ. പ്രിന്‍സിയുടെ ഭാഗത്തു നിന്നും കമാ മാത്രമല്ല വേറേ ഒരക്ഷരവും വരുന്നില്ല. മൂന്നാം ദിവസം. അഡ്മിഷന്‍ ഡേ.

(തുടരും)

Wednesday, January 2, 2008

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി .......

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്‍ ആത്മശിഖരത്തിലൊരു കൂടു തന്നു

ഒരു കുഞ്ഞുപൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ
ജീവനൊഴുകുമ്പോഴൊരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറേ
കനവിന്റെ ഇതളായ് നിന്നെ പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറേ

ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനിവിലൊരു കല്ലു കനിമധുരമാകുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നില്‍ അഭയം തിരഞ്ഞു പോകുന്നു

അടരുവാ‍ന്‍ വയ്യ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം

നിന്നില്‍ അടിയുന്നതേ നിത്യ സത്യം.

(രചന: ഓ.എന്‍.വി. കുറുപ്പ് ആലാപനം: മധുസൂദനന്‍ നായര്‍ ചിത്രം: ദൈവത്തിന്റെ വികൃതികള്‍)

ഈ കവിതയിലെ അവസാനത്തെ നാലു വരി എനിക്കു വളരെ അധികം ഇഷ്ടപ്പെട്ടു. സ്നേഹം എന്ന വികാരത്തെ ഇതിലും നന്നായി വര്‍ണിച്ചു ഞാന്‍ കണ്ടതായി എനിക്കു ഓര്‍മ്മയില്ല.