Tuesday, May 23, 2017

ഒരു “ഹോളി” ഡേ

അറിയും തോറും അകലം കൂടുന്ന ഐ.ടി. എന്ന മഹാസാഗരം തേടി ലോകനാര്‍ക്കാവ് ഉറങ്ങുന്ന വടകരയില്‍ എത്തിയതും, അവിടെ നടത്തിയ സമരമുറകള്‍ വടക്കന്‍പാട്ടില്‍ എഴുതി ചേര്‍ക്കപെട്ടതും ഒക്കെ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. ആ കാലയളവില്‍ നടന്ന വേറൊരു സംഭവം ആണ് ഇന്നത്തെ കഥാതന്തു.
ഐ.ടി.മഹാസാഗരത്തിന്റെ കരയില്‍ ഞങ്ങള്‍ തിരയെണ്ണിയും കക്ക പെറുക്കിയും നടന്നിരുന്ന കാലം. ഒരു മാര്‍ച്ച്‌ മാസം. വര്ഷം ഏതെന്നു കൃത്യമായി ഓര്‍ക്കുന്നില്ല. കോളേജില്‍ എവിടുന്നോ പൊട്ടി മുളച്ച ഒരു ആശയം – നമക്ക് ഹോളി ആഘോഷിക്കണം. വടക്കേന്ത്യയില്‍ വളരെ പ്രചാരമുള്ള ഒരു ആഘോഷമാണ് ഹോളി. അതിന്റെ പിന്നില്‍ പുരാണങ്ങളില്‍ നിന്ന് ചികഞ്ഞെടുത്ത ഒരു കഥയുണ്ട്.
പണ്ട് ഹിരണ്യകശിപു എന്ന കലിപ്പ് ഡാവ് ബ്രഹ്മാവിനെ കുപ്പിയിലാക്കി തോരെ വരങ്ങളൊക്കെ അടിച്ചെടുത്ത് ദേവന്‍മാര്‍ക്കിട്ട് ചൊറിഞ്ഞോണ്ടിരിക്കണ ടൈം. കക്ഷിക്ക് റെബല്‍ ആയ ഒരു ജൂണിയര്‍ കശിപു ഉണ്ടായിരുന്നു – പ്രഹ്ലാദന്‍. ലവന്‍ ഫുള്‍ ടൈം മഹാവിഷ്ണുവിന്‍റെ ഫേസ്ബുക്ക് പേജില്‍ ലൈക്കടി, കമന്റടി, ഷെയറിംഗ് ഒക്കെ ആയിരുന്നു  പണി. ദിദ്‌ സീനിയര്‍ കശിപുവിനു തീരെ പിടിക്കുന്നില്ലായിരുന്നു. എങ്ങനെ പ്രഹ്ലാദന് പണി കൊടുക്കും എന്നതായി ഫുള്‍ ടൈം ആലോചന. പല രീതിയിലും ട്രൈ ചെയ്തു നോക്കി. എല്ലാം ചീറ്റി. ഒടുക്കം പുള്ളി അത് ഔട്ട്‌ സോര്‍സ് ചെയ്യാന്‍ ഒരു ശ്രമം നടത്തി. ബിസിനസ് കൃടിക്കള്‍ ആയ പണി ആയത് കൊണ്ട് സ്വന്തം സിസിനെ ആണ് അത് ഏല്‍പ്പിച്ചത്. പുള്ളിക്കാരീടെ പേര് – ഹോളിക. അപ്പൊ നിങ്ങള്‍ ചോദിക്കും ഈ ഹോളി ആണോ ആ ഹോളി എന്ന്.... എടുത്തു ചാടല്ലേ... പറഞ്ഞു വരട്ട്. ഈ ഹോളികക്ക് ഒരു ഫയര്‍ പ്രൂഫ്‌ ബ്ലാങ്കറ്റ് സ്വന്തമായി ഉണ്ടായിരുന്നു. അത് പുതച്ച് എരിതീയില്‍ ചാടിയാലും കുളിര്‍ക്കാറ്റ് കൊണ്ട ഫീല്‍ ആയിരിക്കും. അതിനെ ചുറ്റിപറ്റി പുള്ളിക്കാരി ഒരു പദ്ധതി ആവിഷ്കരിച്ചു. പ്രഹ്ലാദനെയും മടിയില്‍ ഇരുത്തി ആ ബ്ലാങ്കറ്റ് പുതച്ച് ഒരു ചിതയില്‍ ഇരിക്കുക. ചിതയ്ക്ക് തീ കൊളുത്തുമ്പോ ബ്ലാങ്കറ്റ് കാരണം താന്‍ സേഫ്.. പ്രഹ്ലാദന്‍ ഭസ്മം... ബു ഹു ഹ ഹ ഹ. പക്ഷെ കളി കാര്യമായപ്പോ പ്രഹ്ലാദന്റെ ബ്രോ മഹാവിഷ്ണു ഇടപെട്ട് ബ്ലാങ്കറ്റിന്റെ സുരക്ഷ പ്രഹ്ലാദനു കൊടുത്തു. ഹോളിക കത്തി അനിക്സ്പ്രേ ആയി. പൊടി പോലും കിട്ടിയില്ല കണ്ടുപിടിക്കാന്‍. ആ ദിവസം പില്‍ക്കാലത്ത് ഹോളിക ദഹനം അഥവാ ഹോളി എന്ന ആചാരം ആയി മാറി.
ഇപ്പോളും ഹോളിക്ക് രണ്ട് ആചാരങ്ങള്‍ പലയിടങ്ങളിലും അനുഷ്ടിച്ച് പോരുന്നു. ഹോളിയുടെ തലേദിവസം തീ കൂട്ടി അതിനു ചുറ്റും പാട്ട് പാടിയും നൃത്തം വെച്ചും അധര്‍മ്മത്തിനു മേല്‍ ധര്‍മ്മത്തിന്റെ വിജയം കൊണ്ടാടുന്നു. ഹോളിയുടെ അന്ന് വിവിധ നിറങ്ങള്‍ അന്യോന്യം പൂശിയും മധുരം വിതരണം ചെയ്തും ആഘോഷങ്ങള്‍ നടത്തുന്നു. ഇതില്‍ മേല്‍പ്പറഞ്ഞ ചായം പൂശല്‍ മാത്രമാണ് ഞങ്ങള്‍ ആഘോഷിക്കണം എന്ന് തീരുമാനിച്ചത്.
പദ്ധതി പ്രകാരം വിവിധ നിറത്തിലുള്ള പൊടികള്‍ പലരും വാങ്ങി അന്ന് കോളെജില്‍ കൊണ്ടു വരുകയും, അന്ന് വൈകുന്നേരം കോളേജ് വിട്ടു കഴിഞ്ഞ് ആഘോഷങ്ങള്‍ക്ക് തിരി കൊളുത്താമെന്നു ഒരു ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്തു. ഇവിടെ എടുത്ത് പറയേണ്ട ഒരു കാര്യം ഈ സംഭവം നടക്കുന്നത് ഒരു വെള്ളിയാഴ്ച ആയിരുന്നു എന്നതാണ്. നിസ്കരിക്കാന്‍ പോകുന്നവര്‍ക്ക് സൌകര്യത്തിനായി വെള്ളിയാഴ്ച ദിവസം ഞങ്ങളുടെ ലഞ്ച് ഇന്റര്‍വല്‍ ഒന്നര മണിക്കൂര്‍ ആയിരുന്നു. ആ സമയം മുതലാക്കി എല്ലാ വെള്ളിയാഴ്ചയും ഞങ്ങളുടെ പ്രിന്‍സി ഒരു മണിക്കൂര്‍ നീളുന്ന സ്റ്റാഫ് മീറ്റിങ്ങും നടത്തി പോന്നിരുന്നു. അന്ന് ഞങ്ങളുടെ പദ്ധതികള്‍ എല്ലാം പാളി. വൈകിട്ട് തുടങ്ങാം എന്ന് വെച്ചിരുന്ന ആഘോഷത്തിനു ആരോ ഉച്ചക്ക് തന്നെ തിരി കൊളുത്തി. കത്തി പടരുന്ന കാട്ടുതീ പോലെ അത് കാമ്പസ് മൊത്തം പടരാന്‍ നിമിഷങ്ങളെ എടുത്തുള്ളൂ. കളര്‍ ഇല്ലാത്ത മുഖങ്ങളില്‍ എല്ലാവരും ചേര്‍ന്ന്‍ മഴവില്ല് വിരിയിച്ചു. ഓടി ടോയ്ലെറ്റില്‍ കയറി ഒളിച്ചവന്മാരെ കളര്‍ വെള്ളത്തില്‍ കലക്കി കതകിനു മുകളില്‍ കൂടി ഒഴിച്ച് സവര്‍ണ്ണരാക്കിയെടുത്തു. കീഴടങ്ങിയവരും പൊരുതി തോറ്റവരും അല്ലാതെ വിജയിച്ചവര്‍ ആരുമില്ലെന്ന് എല്ലാവരും ചേര്‍ന്ന് ഉറപ്പ് വരുത്തി.
അങ്ങനെ നാനാവിധ വര്‍ണ്ണങ്ങളില്‍ നീന്തിതുടിച്ച് നില്‍ക്കുമ്പോള്‍ ആണ് സ്റ്റാഫ് മീറ്റിംഗ് കഴിഞ്ഞ് പ്രിന്‍സിയും ടീച്ചര്‍മാരും മുറിക്കു പുറത്തേക്കു കടന്നത്. പുറത്തിറങ്ങിയ പ്രിന്‍സി ആദ്യം ഒന്ന് പകച്ചു, പിന്നെ ഒന്ന് കുതിച്ചു. ആദ്യം മുന്നില്‍ പെട്ട ഒരു പാവത്തിന്റെ കോളര്‍ അതാ പിടിയില്‍. സംഹാരത്തിന്റെ അവതാരപ്പിറവി ആയി മാറിയ പ്രിന്‍സി അവനോട് ആക്രോശിച്ചു – “ ഐ വാണ്ട് ടു നോ ഹൂ സ്റ്റാര്‍ട്ടട് ദിസ്”. പഞ്ചാബി ഹൌസിലെ കൊച്ചിന്‍ ഹനീഫയെ പോലെ ജബ ജബ ജബ പറഞ്ഞ് തടിയൂരാന്‍ അവന്‍ ഒരു ശ്രമം നടത്തി. പ്രിന്‍സി വീണ്ടും ഗര്‍ജിച്ചു – “ ഐ വില്‍ സസ്പെന്‍റ് ഈച്ച് ആണ്ട് എവരി വണ്‍ ഓഫ് യൂ”. ഇത്രയും പറഞ്ഞ് കക്ഷി സ്വന്തം മുറിയിലേക്ക് കയറി പോയി.
കഥകളില്‍ മാത്രം കേട്ട് പരിചയം ഉള്ള ഒരു ആചാരം – മാസ്സ് സസ്പെന്‍ഷന്‍. – ഹൊ ഒരു അഞ്ച് ദിവസം എങ്കിലും സസ്പെന്‍റ് ചെയ്തിരുന്നെങ്കില്‍ അഞ്ചും നാലും ഒന്‍പതു ദിവസം അവധി. മനസ്സില്‍ പൊട്ടിയ ലഡ്ഡു ഒന്നും രണ്ടുമല്ല... പൊട്ടിയ ലഡ്ഡുകളുടെ കണക്ക് എടുത്ത് തീര്ന്നില്ല അപ്പോളേക്കും പ്രിന്‍സിയുടെ ഓഫീസില്‍ നിന്ന് പ്യൂണ്‍ വന്നു പറഞ്ഞു ക്ലാസ് റെപ്പുകളെ പ്രിന്‍സി വിളിക്കുന്നെന്ന്‍. ഞങ്ങളുടെ സ്വന്തം ചെണ്ട...സോറി...റെപ്പ് അരുണ്‍ ജോസിനെ ഞങ്ങള്‍ യുദ്ധക്കളത്തിലേക്ക് പോകുന്ന ഒരു പട്ടാളക്കാരനെ പോലെ യാത്രയാക്കി, വിണ്ടും മാസ്സ് സസ്പെന്‍ഷന്‍ സ്വപ്നങ്ങളിലേക്ക് കടന്നു. അല്‍പ്പനേരം കഴിഞ്ഞ് പ്രിന്‍സിയുടെ മുറിക്ക് പുറത്തേക്ക് വന്ന റെപ്പിനോട് ഞങ്ങള്‍ ചോദിച്ചു – എത്ര ദിവസം ഉണ്ടെടാ സസ്പെന്‍ഷന്‍ എന്ന്... കിട്ടിയ ഉത്തരം പക്ഷെ ഞങ്ങളെ ഞെട്ടിച്ച് കളഞ്ഞു.
“പ്രിന്‍സി ചോദിച്ചു ക്ലാസ് ഇന്ന് വേണോ അതോ നാളെ മതിയോ എന്ന്...”

വാല്‍ക്കഷ്ണം: കൊതിച്ച സസ്പെന്‍ഷന്‍ കിട്ടിയില്ല. ക്ലാസ് അന്ന് തന്നെ തുടര്‍ന്നു. അന്ന് വൈകിട്ട് നാനാവര്‍ണ്ണവിഭൂഷിതരായി ടൌണില്‍ വന്നു ബസിറങ്ങിയ ഞങ്ങളെ വടകരക്കാര്‍ അന്യഗ്രഹജീവികളെ പോലെ തുറിച്ചു നോക്കി. കണ്ടവര്‍ കണ്ടവര്‍ കാണാത്തവരെ ചൂണ്ടി കാണിച്ചു. ഞങ്ങള്‍ക്ക് പക്ഷെ അതൊരു അംഗീകാരമായിരുന്നു. വടകരയില്‍ ആദ്യമായി ഹോളി കളിച്ചവര്‍ എന്ന ഖ്യാതി അന്നും ഇന്നും എന്നും ഞങ്ങള്‍ക്ക് തന്നെ. 

No comments: