ആറു വർഷമായി നിർജീവമായി കിടന്നിരുന്ന ഈ
ബ്ലോഗിനു കുറച്ച് ജീവന്റോണ്‍ കൊടുക്കാനുള്ള ഒരു പരിശ്രമം. പടച്ചോനേ കാത്തോളീ.....
സൻ ഉന്നീസ് സൊ നിന്ന്യാനബ്ബെ..അതായതുത്തമാ...
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത്. ഒരു മാർച്ച് മാർച്ചര മാസം. ഞങ്ങൾ
പന്ത്രണ്ടാം ക്ലാസ് പരൂക്ഷ എഴുതി തീരാറായ സമയം. അവസാനത്തെ കടമ്പ മാത്തമാറ്റിക്സ് .
ഞങ്ങൾ ഒരു പറ്റം കൂട്ടുകാർ നേരത്തേ പരിപാടി ഇട്ടു. പരീക്ഷ തീരുന്ന അന്ന് കവിത
തീയറ്ററിൽ ഫസ്റ്റ് ഷോ കാണാൻ പോണം. പടം - ഉസ്താദ്. ലാലേട്ടൻ മീശ പിരിച്ച് മുണ്ടും
മടക്കി കുത്തിയാൽ എന്റെ സാറേ....
അങ്ങനെ പരീക്ഷ കഴിഞ്ഞ് എല്ലാരും വീട്ടിൽ പോയി
ഉചയൂണൊക്കെ കഴിഞ്ഞ് തൃപ്പൂണിത്തുറ ബസ് സ്റ്റാന്റിൽ വന്ന് എറണാകുളത്തിനു ബസ് കയറി.
ഞങ്ങൾ തീയറ്റരിനു മുമ്പിൽ എത്തുമ്പോഴേക്കും എന്റെ ഒരു കസിൻ ഞങ്ങൾക്കുള്ള ടിക്കറ്റ്
എടുത്തു വെച്ചിരുന്നു. അത് കൊണ്ട് ക്യൂ പാലിക്കേണ്ടി വന്നില്ല. നേരേ
തീയറ്ററിനുള്ളിലേക്ക്. തകർപ്പൻ പടം. ന്യു ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ മരണ മാസ്സ്.
പടം കണ്ടിറങ്ങിയപ്പോ സമയം എതാണ്ട് എട്ടര മണി.
വിശപ്പിന്റെ വിളി കേട്ട് ഞങ്ങൾ നേരെ വെച്ചു പിടിച്ചു മറൈൻ ഡ്രൈവിലേക്ക്. അവിടുത്തെ
തട്ടുകടയിൽ നിന്ന് പൊറോട്ടയും ബീഫും. കനത്ത പോളിങ്ങ് ആയിരുന്നു. ആ കലാപരിപാടി
കഴിഞ്ഞു വന്നപ്പോ സമയം ഏതാണ്ട് പത്തു മണി. വയറു നിറഞ്ഞപ്പോ കൂട്ടത്തിൽ ആർക്കോ
തലയിൽ ഒരു ബൾബ് കത്തി.
"നമക്ക് കുറച്ചു ദൂരം നടന്നാലോ? "
ഒരു പരീക്ഷ തീർന്ന ആശ്വാസം. എന്ട്രൻസ് എന്ന
ബാലികേറാമല ഇനിയും കിടക്കുന്നല്ലോ എന്ന വേവലാതി. അപ്പോ പിന്നെ കിട്ടുന്ന സമയം
മാക്സിമം മുതലാക്കണ്ടേ? കേട്ടവർ കേട്ടവർ
അതേറ്റു പിടിച്ചു. വീട്ടിൽ എത്താൻ ധൃതി ഉള്ള രണ്ടു പേരേ ഞങ്ങൾ ബസ് കയറ്റി വിട്ടു.
ബാക്കി ഞങ്ങൾ നാല് പേർ - കിബി കുമരേശൻ എന്ന കിബി (അവന്റെ ശരിക്കുള്ള പേരാ....
ഇരട്ടപ്പേരല്ല..), ജോണ്‍ മാത്ത്യു
എന്നാ മത്തായി, അശോക് എന്ന
അപ്പുകുട്ടൻ , പിന്നെ ഞാൻ എന്ന
ഞാനും. ഞങ്ങൾ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു - ബസ് കിട്ടുന്നില്ല...ഞങ്ങൾ നടന്നു
തുടങ്ങുവാണ് എന്ന്... മക്കൾ അവിടെ നിക്ക്... കാറും കൊണ്ടു വരാം എന്ന് പറഞ്ഞ
അച്ഛനമ്മമാരെ കുഴപ്പമില്ല ഞങ്ങൾ വന്നോളാം എന്ന് പറഞ്ഞ് ഞങ്ങൾ സമാധാനപ്പെടുത്തി.
അങ്ങനെ ഞങ്ങൾ നടന്നു തുടങ്ങി. നടന്നു
മടുക്കുമ്പോ ആദ്യം കിട്ടുന്ന ബസിൽ കയറി പോകാം എന്നായിരുന്നു തീരുമാനം.
പുത്തനച്ചിയുടെ പുരപ്പുറം തൂപ്പ് പോലെ ആദ്യമൊക്കെ നല്ല സ്പിരിറ്റ് ആയിരുന്നു.
വിളിച്ചു കയറ്റാൻ വന്ന ബസുകാരെ ഒക്കെ ഞങ്ങൾ സലാം പറഞ്ഞു മടക്കി അയച്ചു. മറൈൻ
ഡ്രൈവിൽ നിന്ന് സൗത്ത് ഒവർ ബ്രിഡ്ജ്
എത്തിയപ്പൊളേക്കും ആദ്യത്തെ ആവേശമൊക്കെ ഏതാണ്ട് കെട്ടടങ്ങി. ഒടുവിൽ മനോരമ
ജംക്ഷനിൽ എത്തി ഞങ്ങൾ സുല്ലിട്ടു. അടുത്ത ദിവസം അവിടെ സോണിയ ഗാന്ധി
വരുന്നുണ്ടായിരുന്നു. അതിന്റെ ഒരുക്കങ്ങൾ ഒക്കെ ആയിരുന്നു അവിടെ. ഇനി വരുന്ന
ആദ്യത്തെ ബസിൽ കയറാം എന്ന തീരുമാനവുമായി ഞങ്ങൾ അവിടെ തമ്പടിച്ചു. കുറച്ചു നേരമായിട്ടും
അതു വഴി ബസൊന്നും വന്നില്ല. ഞങ്ങൾ അവസാനം സലാം പറഞ്ഞ് മടക്കി അയച്ചത്
ത്രുപ്പൂണിത്തുറക്കുള്ള ലാസ്റ്റ് ബസായിരുന്നെന്നു ഞങ്ങൾ ആരും അറിഞ്ഞിരുന്നില്ല
ഇനി എറണാകുളത്തിന്റെ ഭൂമിശാസ്ത്രം
അറിയാവുന്നവർ ഇത് മനസ്സിൽ കാണുക.
മനോരമ ജംക്ഷന്റെ ഇടതു വശത്തെ ഫുട്ട് പാത്തിൽ
കിംകരണീയരായി കുത്തിയിരിക്കുന്ന ഞങ്ങൾ നാല് പേർ. സൗത്ത് ഓവർ ബ്രിഡ്ജ് ഇറങ്ങി
വരുന്ന ഒരു പോലീസ് ജീപ്. മനോരമ ജംക്ഷൻ എത്താറായപ്പൊ അതൊന്നു സ്ലോ ഡൌണ്‍ ചെയ്തു.
ഞങ്ങൾ നാല് പേരും അത് കണ്ട് എണീറ്റ് നിന്നു. ജീപ്പ് ഞങ്ങളുടെ മുന്നിൽ
നിർത്തി...നിർത്തിയില്ല എന്ന നിലയിൽ വന്ന് അത് പനമ്പള്ളി നഗർ സൈഡിലേക്കു തിരിഞ്ഞു
പോയി. "സംശയാസ്പദമായ നിലയിൽ കണ്ട നാല് ചെറുപ്പക്കാർ അറസ്റ്റിൽ" എന്ന
വാർത്ത വരുന്നതിലും നല്ലതാണല്ലോ കാലിനു കുറച്ചു വേദന വരുന്നത്. അതുകൊണ്ട് ഞങ്ങൾ
വീണ്ടും നടന്നു തുടങ്ങി.
വഴിയിൽ തുറന്നിരുന്ന കടകളിൽ നിന്ന് ഉപ്പ്
സോഡാ കുടിച്ചും, നടപ്പിന്റെ ക്ഷീണം മറക്കാൻ പറ്റാവുന്ന കത്തികൾ ഒക്കെ
അടിച്ചും ഞങ്ങൾ എതാണ്ട് ഒരു മണി കഴിഞ്ഞപ്പോളേക്കും എന്റെ വീട്ടിൽ എത്തി. ആ സമയത്ത്
ഒറ്റയ്ക്ക് അവരവരുടെ വീടുകളിലേക്ക് പോകുന്നത് ആത്മഹത്യാപരം ആണെന്ന തിരിച്ചറിവാണ്
ഞങ്ങളെ ഇങ്ങനത്തെ ഒരു സംഘടിത മുന്നേറ്റത്തിനു പ്രേരിപ്പിച്ചത്. കൂട്ടുകാർ
കൂടെയുള്ളപ്പോ അച്ഛൻ അധികം വഴക്ക് പറയില്ല എന്ന് ഞാനും, രാവിലെ ആവുമ്പോളേക്കും വീട്ടുകാരുടെ ദേഷ്യം
ഒന്ന് തണുക്കുമെന്ന് ബാക്കി മൂന്ന് പേരും വിശ്വസിച്ചു. ഞങ്ങളുടെ വിശ്വാസം ഞങ്ങളെ
രക്ഷിച്ചു. കിലോമീറ്റർ പന്ത്രണ്ട് നടന്നപ്പൊളേക്കും കഴിച്ച പൊറോട്ടയും ബീഫും ഒക്കെ
വയറ്റിൽ നിന്ന് ആവിയായി. പിന്നെ രാത്രി ഒന്നര മണിക്ക് അമ്മ ഞങ്ങൾക്ക് ചപ്പാത്തിയും
കറിയും ഉണ്ടാക്കി തന്നു. അതും കഴിച്ച് ഞങ്ങൾ മുറിയിലേക്ക് കയറി.
എന്തായാലും ഇത്രേം ആയി. എന്നാൽ പിന്നെ ഇന്ന്
ഉറങ്ങാതിരുന്നൂടെ എന്ന് ഞാനും കിബിയും. അങ്ങനെ എങ്കിൽ അങ്ങനെ എന്ന് അപ്പുകുട്ടനും
മത്തായിയും. എന്നാൽ പിന്നെ ടെറസിൽ പോയി കുറച്ചു നേരം നിലാവ് കൊള്ളാം എന്ന് ഞങ്ങൾ
തീരുമാനിച്ചു. എന്നെയും കിബിയെയും ടെറസിൽ ആക്കി, മുറിയിൽ കയറി കതക് കുറ്റിയിട്ടു കഥക്കു ആന്റിക്ലൈമാക്സ്
ആക്കി കളഞ്ഞു അപ്പുകുട്ടനും മത്തായിയും. കുംഭകർണ്ണ സേവയ്ക്ക് വിഘ്നം വരുത്തുന്നത്
തീരെ ഇഷ്ടമില്ലാത്ത ആ കശ്മലന്മാർ കതകു തുറന്നത് അടുത്ത ദിവസം രാവിലെ ആണ്.
അതുകൊണ്ട് ഞങ്ങടെ ഉറക്കം ഹാളിൽ ഉള്ള സോഫ മേൽ ആക്കേണ്ടി വന്നു.
ഈ കഥ കേട്ട പലരും പറഞ്ഞത് ഞങ്ങൾക്ക്
വട്ടായിരുന്നു എന്നാണ്. എന്നാലും ആ കാൽനടയാത്ര ഒത്തുകൂടുമ്പോ അയവിറക്കാൻ പറ്റിയ
ഒരു മധുരമുള്ള ഓർമ്മയായി ഇന്നും നിലകൊള്ളുന്നു. ഇന്നാരുന്നേൽ വരുന്ന വഴിക്ക് ഒരു
നൂറു സെൽഫിയും എടുത്ത് ആ നടപ്പ് മായാത്ത ചിത്രങ്ങളായി ലാപ് ടോപ്പിൽ ഇടാമായിരുന്നു.
പക്ഷെ മൊബൈൽ ഫോണ്‍ പോലും എന്തെന്ന് അറിയാത്ത ആ കാലത്തെ അനുഭവങ്ങൾക്ക് ചിത്രങ്ങൾ
അകമ്പടി ഇല്ല.... ചിത്രങ്ങളേക്കാൾ മിഴിവുറ്റ ഇങ്ങനത്തെ ചില ഓർമ്മകൾ മാത്രം...
1 comment:
വേണു തിരിച്ചു വരവ് കൊള്ളാം; ഓർമ്മ വരുന്നത് മംഗലാപുരം ജിത മച്ചുവിന്റെ Open terrace - Night out ആണ് ! :)
Post a Comment