Monday, June 1, 2020

പൂരസ്മരണകൾ



ഓർമ്മ വെച്ചതിൽ പിന്നെ ആദ്യമായി തൃശൂർ പൂരം നടക്കാത്ത ഒരു വർഷത്തിൽ അതിനെ കുറിച്ചുള്ള ചില ഓർമകൾ പങ്കു വെയ്ക്കണമെന്ന് വിചാരിച്ചു. അങ്ങനെ എങ്കിലും മാറാല പിടിച്ചു കിടക്കുന്ന ഈ ബ്ലോഗിലേക്ക് കുറച്ചു വെളിച്ചം വീശട്ടെ..

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനെ പറ്റി പ്രധാനമായും രണ്ടു ഓർമകളാണ് എനിക്കുള്ളത്.

ഒന്ന്

വിവരസാങ്കേതികവിദ്യയുടെ അന്തരാളങ്ങളിലേക്ക് ഊളിയിടാൻ വേണ്ടി പാണന്റെ പാട്ടുറങ്ങുന്ന, ലോകനാർ കാവിലമ്മ വാഴുന്ന വടകരയിലേക്ക് താല്കാലികമായി ചേക്കേറിയ കാലം. കോളേജ് ജീവിതം തകൃതിയായി നടന്നിരുന്ന 2002 ഇലെ ഒരു ഏപ്രിൽ മാസം. ഒരു വൈകുന്നേരം കൂട്ടം കൂടിയിരുന്നു ചർച്ച ചെയ്ത സമയത്ത് ആരുടെയോ തലയിൽ ഉരുത്തിരിഞ്ഞു വന്ന ആഗ്രഹം. തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് കാണണം. അന്ന് വരെ കേട്ട് കേൾവി മാത്രം ഉള്ള സംഭവം. കളിയായി ആരോ പറഞ്ഞു ഇപ്പൊ ബസ് കേറിയാൽ വെടിക്കെട്ട് സമയം ആവുമ്പോളേക്കും തൃശൂർ എത്താമെന്ന്. നാല് നാലര മണിക്കൂർ സമയം എടുക്കും ബസ്സ് കയറി തൃശൂർ ചെന്നിറങ്ങാൻ. എന്തായാലും മുന്നോട്ടു വെച്ച കാൽ പിന്നോട്ടില്ല എന്നത് ആപ്തവാക്യം ആക്കി എടുത്തുകൊണ്ടു ഞങ്ങൾ നാല് പേര് അന്ന് രാത്രി തന്നെ പൂരത്തിന്റെ വെടിക്കെട്ട് കാണാൻ തീരുമാനിച്ചു വൈകിട്ട് വടകരയിൽ നിന്ന് ബസ് കയറി.


തൃശൂർ കാരൻ ജെം, തിരോന്തോരം കാരൻ മനോജ്, ആലപ്പുഴയുടെ സ്വന്തം റോബിൻ എന്നിവരായിരുന്നു ഈ ഉദ്യമത്തിൽ എന്റെ സഹയാത്രികർ. വെളുപ്പിനെ 2 മണി - 3 മണി അടുത്താണ് വെടിക്കെട്ട്. ഞങ്ങൾ രാത്രി ഏതാണ്ട് 11 മണി കഴിഞ്ഞപ്പോൾ തൃശ്ശിവപേരൂരിൽ കാലു കുത്തി. ജെം കൂടെ  ഉണ്ടായിരുന്നത് കൊണ്ട് വഴി അറിയാനും, പൂരത്തിനോട് അനുബന്ധിച്ചുള്ള പരിപാടികളുടെ വിവരങ്ങൾ അറിയാനും കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല. വെടിക്കെട്ടു തുടങ്ങാൻ ഇനിയും മൂന്ന് മണിക്കൂർ അടുത്ത് ഉണ്ട്. അത്രയും നേരം എന്ത് ചെയ്യും എന്ന ചർച്ച ആയി അടുത്തത്. റാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത "കമ്പനി" എന്ന സിനിമ റിലീസ് ആയിട്ട് അധികം നാള് ആയിരുന്നില്ല അന്ന്. പൂരത്തിനോട് അനുബന്ധിച്ചു ഒരു സ്പെഷ്യൽ ഷോ ഉണ്ടായിരുന്നു അന്ന്. സെക്കന്റ് ഷോ കഴിഞ്ഞു തുടങ്ങും, വെടിക്കെട്ടിന് മുമ്പ് തീരും. തേടിയ വള്ളി കാലിൽ ചുറ്റി എന്ന അഭിപ്രായം ആയിരുന്നു നാലിൽ മൂന്ന് പേർക്കും. പക്ഷെ റോബിന്  ആ വള്ളി കാലിൽ നിന്നു അഴിച്ചു കളയാൻ ആയിരുന്നു താല്പര്യം. അവിടെ അടുത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരു എക്ഷിബിഷൻ അവനെ മാടി വിളിക്കുന്നു എന്നായിരുന്നു കാരണം. എന്നാൽ പിന്നെ നിനക്ക് നിന്റെ വഴി ഞങ്ങൾക്ക് തീയേറ്റർ വഴി എന്ന് പറഞ്ഞു ഞങ്ങൾ മൂന്ന് പേരും സിനിമക്ക് കേറി.

അജയ് ദേവ്ഗണും, വിവേക് ഒബ്‌റോയിയും, മലയാളത്തിന്റെ സ്വന്തം മോഹൻലാലും തകർത്ത് അഭിനയിച്ച പടം. പക്ഷെ ഇടക്ക് എവിടെയൊക്കെയോ കഥയിൽ ഒരു മിസ്സിംഗ്. പിന്നെ മനസ്സിലായി ഇടയ്ക്കിടെ നിദ്രാദേവി വന്നു തഴുകിയതാണെന്ന്. അങ്ങനെ സിനിമയും കഴിഞ്ഞു തീയേറ്ററിന് മുന്നിൽ കാത്തു നിന്ന റോബിനേയും കൂട്ടി തേക്കിൻകാട് മൈതാനം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. തൃശൂർ റൗണ്ടിന് ചുറ്റും വലിച്ചു കെട്ടിയിരുന്ന കയറിന് തൊട്ടടുത്തായി എങ്ങനെയോ കിട്ടിയ കുറച്ചു സ്ഥലം ഞങ്ങൾ നാല് പേരും കൈയ്യേറി. പിന്നെ കാത്തിരിപ്പായിരുന്നു. അധികം വൈകിയില്ല, കതിനകൾ പൊട്ടി തുടങ്ങി. ആകാശത്തു വർണശബളമായ ചിത്രങ്ങൾ വരച്ചു കൊണ്ട് കരിമരുന്നു പ്രയോഗം ആരംഭിച്ചു. കേട്ടറിഞ്ഞതിനേക്കാൾ ഗംഭീരം. വെടിക്കെട്ടിന്റെ കാതടപ്പിക്കുന്ന ശബ്ദവും , അതിനെ കടത്തി വെട്ടുന്ന കാണികളുടെ ആരവവും എല്ലാം കൊണ്ട് മനസ്സ് നിറഞ്ഞു. അവസാനത്തെ കതിനയും പൊട്ടി കഴിഞ്ഞപ്പോൾ മടക്കയാത്രയുടെ ചിന്തയിലേക്ക് ഞങ്ങൾ നീങ്ങി.

ബസ് പിടിക്കാൻ വേണ്ടി ശക്തൻ തമ്പുരാൻ ബസ് സ്റ്റാന്റിലെത്തിയ ഞങ്ങൾ കണ്ടത് പൂരത്തിനെ വെല്ലുന്ന ഒരു ആൾക്കൂട്ടത്തിനെ ആയിരുന്നു. ഓരോ ബസും കൊണ്ട് നിർത്തുന്നതിനു മുമ്പ് തന്നെ ബസിന്റെ നവദ്വാരങ്ങളിലൂടെയും ആളുകൾ അകത്തു കയറി പറ്റുന്ന കാഴ്ച. വടകര വരെ എത്തേണ്ടതാണ്. രാത്രി ഉറങ്ങിയിട്ടില്ല, ഇരുന്നു അല്ലാതെ പോവുന്നത് ആലോചിക്കാനേ പറ്റാത്ത ഒരു അവസ്ഥ. പൊരുതാൻ തന്നെ തീരുമാനിച്ച ഞങ്ങൾ അടുത്ത ബസിന്റെ വരവും കാത്തു നിന്നു. അങ്ങനെ കൊണ്ട് നിർത്തിയ ഒരു ബസിനെ നാല് വശത്തു നിന്നും ആക്രമിച്ചു ടയറിൽ ചവിട്ടി ജന്നൽ വഴി കയറി സീറ്റ് ഒപ്പിച്ചു ഞങ്ങൾ മടക്ക യാത്ര തുടങ്ങി. വടകരെ എത്തിയപ്പോൾ എന്ത് കൊണ്ടോ  അന്ന് കോളേജിൽ പോവേണ്ട എന്ന് ആർക്കും തോന്നിയില്ല. ആദ്യ പീരിയഡ് മിസ് ആയാലും ബാക്കി ക്ലാസുകൾ അറ്റൻഡ് ചെയ്യാമെന്ന ദൃഡ നിശ്ചയവുമായി ഞങ്ങൾ കുളിച്ചു തയ്യാറായി കോളേജിൽ എത്തി. പൂരം കാണാൻ പോയവരിൽ ഐ. റ്റി ക്ലാസ്സിൽ ഞങ്ങൾ രണ്ടു പേര് . ഇരിക്കുന്നതോ ഏറ്റവും മുന്നിലത്തെ ബെഞ്ചിലും. ക്ലാസ്സിൽ ഇരുന്നു ഉറങ്ങും എന്നത് ഏതാണ്ട് ഉറപ്പായിരുന്നു. അതുകൊണ്ടു വന്ന സാറുമാരോടൊക്കെ പൂരത്തിന്റെ പേര് പറഞ്ഞു മുൻ‌കൂർ ജാമ്യം എടുത്തിരുന്നു. തൃശൂർ പൂരത്തിന്റെ കാര്യമായത് കൊണ്ടാവണം ഒന്ന് രണ്ടു വട്ടം ഉറക്കം തൂങ്ങി വീണത് കണ്ടെങ്കിലും സാറുമ്മാർ അത് കാര്യമാക്കിയില്ല. പൂരത്തിന്റെ ഒരു പവറേ...

രണ്ട്

വർഷം എട്ടു കടന്നു പോയി. 2010. എഞ്ചിനീയറിങ്ങും കഴിഞ്ഞ് എം ബി എ എന്ന കടമ്പയും കഴിഞ്ഞ് മദിരാശി പട്ടണത്തിൽ HCL കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയം. ബി.ടെക് കഴിഞ്ഞ് എന്തിനും കൂടെ നിൽക്കുന്ന കുറച്ചു സുഹൃത്തുക്കളെ വീണ്ടും കിട്ടിയ സമയം. കൂട്ടത്തിൽ കൊച്ചൻ എന്ന് അപരനാമമുള്ള നിഖിലിന്റെ കല്ല്യാണം കൂടാൻ ആണ് ഞങ്ങൾ അങ്കമാലിയിൽ എത്തിയത്. കല്ല്യാണം കൂടി, അന്നത്തെ ദിവസം അങ്കമാലിയിൽ ചിലവിട്ടു. അടുത്ത ദിവസം വൈകുന്നേരം തൃശൂർ നിന്നായിരുന്നു മടക്കയാത്രക്കുള്ള തീവണ്ടി. രാവിലെ തൃശൂർ എത്തി വൈകുന്നേരം വരെ കറങ്ങി നടന്ന് സ്ട്രീറ്റ് ഫോട്ടോഗ്രാഫി എന്ന ഉദ്യമത്തിൽ ഏർപ്പെടാൻ ആയിരുന്നു ഉദ്ദേശം. എന്റത്രയും തന്നെ ഫോട്ടോഗ്രാഫി തലക്ക് പിടിച്ച വിനയകൃഷ്ണൻ എന്ന വിനയൻ ആയിരുന്നു കൂട്ട്.

അങ്കമാലിയിൽ നിന്നുള്ള ബസ് തൃശൂർ റൗണ്ടിന് അടുത്തെത്തിയപ്പോൾ പഞ്ചവാദ്യത്തിന്റെ ശബ്ദം ആണ് ഞങ്ങളെ എതിരേറ്റത്. ബസിറങ്ങി അന്വേഷിച്ചപ്പോൾ മനസ്സിലായി തലേന്ന് ആയിരുന്നു തൃശൂർ പൂരം. അതിന്റെ ചില പരിപാടികൾ ഇപ്പോളും നടക്കുന്നുണ്ട് എന്ന്. പിന്നെ ഒന്നും നോക്കിയില്ല സ്ട്രീറ്റ് ഫോട്ടോഗ്രാഫി ഉപേക്ഷിച്ച് പൂരം ഫോട്ടോഗ്രാഫി എന്ന ലൈൻ പിടിച്ചു ഞങ്ങൾ രണ്ടു പേരും. ചെന്ന് നോക്കിയപ്പോൾ പെരുവനം കുട്ടൻ മാരാർ നയിക്കുന്ന വാദ്യഘോഷം. ആളുകൾ കൂടുതൽ അടുത്തേക്ക് ചെല്ലാതിരിക്കാൻ കുറച്ചു ദൂരെ ഒരു വടം വലിച്ചു കെട്ടിയിരുന്നു. ഒന്ന് രണ്ടു പോലീസുകാരും അവിടെ നിന്നിരുന്നു.

ഞങ്ങളുടെ രണ്ടു പേരുടെയും വേഷം - ടീ ഷർട്ടും ജീൻസും, പുറത്തൊരു ബാഗ്, തലേൽ ഒരു ബണ്ടാണ മോഡൽ കെട്ട്  കഴുത്തിൽ പുട്ടുകുറ്റി പോലൊരു ലെന്സ് ഉള്ള DSLR ക്യാമറ. ആൾകൂട്ടത്തിൽ തിക്കി തിരക്കി ഒരു വിധം വടത്തിന്റെ അടുത്ത് എത്തി. അവിടെ നിന്ന് കൊണ്ട് എടുക്കാവുന്ന ഫോട്ടോകൾ കൊണ്ട് തൃപ്തിപ്പെടാൻ തയ്യാറായിരുന്നു രണ്ടു പേരും. അദ്‌ഭുതമെന്നു പറയട്ടെ, ഞങ്ങൾ വടത്തിന്റെ അടുത്ത് എത്തിയതും അവിടെ നിന്ന പോലീസുകാർ വടം പൊക്കി ഞങ്ങളെ അകത്തേക്ക് കയറി പോയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു. ഒന്ന് മനസ്സിലാകാതെ അന്തം വിട്ടു നിന്ന ഞങ്ങളോടുള്ള അടുത്ത ചോദ്യത്തിൽ നിന്ന് അങ്ങനെ കയറ്റി വിട്ടതിന്റെ ഗുട്ടൻസ് പിടി കിട്ടി. -

" ഏതു പത്രത്തിൽ നിന്നാ ? "

ഞങ്ങളുടെ വേഷവിധാനം കണ്ട് ഏതോ പത്രത്തിന് വേണ്ടി പൂരത്തിന്റെ ഫോട്ടോ എടുക്കാൻ വന്ന ക്യാമറ മേനോന്മാർ ആണെന്ന് കരുതിയായിരുന്നു ആ സ്പെഷ്യൽ കോൺസിഡറേഷൻ.

" അങ്ങനെ ഒന്നുമില്ല ചേട്ടാ... ഫ്രീ ലാൻസ് ആണ് " എന്ന് പറഞ്ഞു ഒഴിയാൻ നോക്കിയപ്പോ അടുത്ത ചോദ്യം

" ഏതു പത്രത്തിൽ വരും ഫോട്ടോ ? "

" പത്രത്തിൽ അല്ല ചേട്ടാ... ഇൻറർനെറ്റിൽ വരും " എന്നും പറഞ്ഞ് രണ്ടു പേരുടെയും ബ്ലോഗിന്റെ പേരും പറഞ്ഞു കൊടുത്തു ഞങ്ങൾ ഫോട്ടോഗ്രഫിയിലേക്ക് കടന്നു. കുറെ നല്ല ഫോട്ടോകൾ എടുത്തും, മേളം കേട്ട് മനസ്സ് നിറച്ചും  കുറെ നേരം അവിടെ നിന്നു. പിന്നെ അവിടുന്നു പതുക്കെ ഇറങ്ങി തൃശൂർ റൗണ്ടിന് ചുറ്റും നടന്നു. ഒടുവിൽ വടക്കുംനാഥന്റെ മതിലിനോട് ചേർന്ന് കുറച്ചു തണൽ കണ്ടെത്തി അവിടെ വിശ്രമിച്ചു. വൈകുന്നേരം ട്രെയിൻ സമയം ആയപ്പോൾ പൂരത്തിനോടും വടക്കുംനാഥനോടും യാത്ര പറഞ്ഞ് പതുക്കെ റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങി. പ്രതീക്ഷിക്കാതെ കിട്ടിയ പൂരത്തിന്റെ ഓർമ്മകളും മനസ്സിൽ നിറച്ച്.


കൊറോണ ഉഴുതു മറിച്ച ലോകത്ത് ഇനി പൂരങ്ങളും ഉത്സവങ്ങളും എങ്ങനെ ആവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇനി ഒരു വട്ടം കൂടെ തൃശ്ശിവപേരൂർ പൂരം കൂടാൻ ആവുമോ എന്നും അറിയില്ല. എങ്കിലും പൂരസ്മരണകൾക്ക് എന്നും മനസ്സിൽ ചെറുപ്പം ആയിരിക്കും.