അന്നെന്തായാലും പ്രിന്‍സി പോലീസിനെ വിളിച്ചില്ല. അഡ്മിഷന് നടക്കാന്‍ ഞങ്ങള്‍ സമ്മതിച്ചുമില്ല. മക്കളെ എഞ്ചിനീയറിങ്ങ് കോളേജില്‍ ചേര്‍ക്കാന്‍ വന്ന ചില അച്ഛനമ്മമാര്‍ക്ക് ഞങ്ങളുടെ ധാര്‍മ്മിക രോഷം ശരിക്കും മനസ്സിലായില്ല. അവരും രണ്ട് ചേരിയായി തിരിഞ്ഞു. അഡ്മിഷന് നടത്താന്‍ സമ്മതിക്കണമെന്നും അതു കഴിഞ്ഞാല്‍ അവരും ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാമെന്നും ഒരു കൂട്ടര്. ഞങ്ങള്‍ ചെയ്യുന്നതു കോളേജിന്റെ നല്ലതിനു വേണ്ടി ആണെന്നും ഇതു അവരുടെ മക്കള്‍ക്കും കൂടി പഠിക്കെണ്ട കോളേജ് ആയതുകൊണ്ട് ഞങ്ങള്‍ ചെയ്യുന്നതു ഒരു നല്ല കാര്യമാണെന്നും മറ്റൊരു കൂട്ടര്. ആദ്യം പറഞ്ഞ കൂട്ടരുടെ കൈയ്യില്‍ നിന്നും ഞങ്ങളുടെ റെപ്പിന് അത്യാവശം ചീത്തയും കേട്ടു. എന്തായാലും അന്ന് അഡ്മിഷന് നടന്നില്ല.
അടുത്ത ദിവസം ഞങ്ങള്‍ കോളേജിലെത്തുമ്പൊ ഒരു പോലീസ് ജീപ്പും ഒരു പോലീസ് വാനും കോളേജിനു പുറത്ത് കിടക്കുന്നു. ഉള്ളൊന്നു കാളിയെങ്കിലും സകല സമരഗുരുക്കളേയും മനസ്സില്‍ ധ്യാനിച്ച് ഞങ്ങള്‍ പരിപാടികള്‍ ആരംഭിച്ചു. പഴയ പ്രേം നസീര്‍ സിനിമകളില്‍ ക്ലൈമാക്സിലെ സ്റ്റണ്ട് കഴിയാറാവുമ്പൊ എത്തുന്ന പോലീസുകാരോട് വില്ലന്മാരെ ചൂണ്ടി നായകന് പറയുന്നതുപോലെ പ്രിന്‍സി ആജ്ഞാപിച്ചു. “അറസ്റ്റ് ദെം”. അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരോട് ഞങ്ങള്‍ക്കു രണ്ടായിരുന്നു കണ്ടീഷന്‍സ്. ഒരു പ്രശ്നവും ഉണ്ടാക്കാതെ ഞങ്ങള്‍ കൂടെ വരാം. പക്ഷെ ഞങ്ങള്‍ ഇരുന്നേ പോവൂ. ആകെപ്പാടെ ഒരു വാനും ഒരു ജീപ്പും ഉണ്ട്. കൂടിപ്പോയാല്‍ സീറ്റിങ്ങ് കപ്പാസിറ്റി ഒരു 20. ഞങ്ങള്‍ എല്ലാം കൂടെ പോപ്പുലേഷന്‍ ഏതാണ്ട് 300 എങ്കിലും വരും. (അറസ്റ്റ് പേടിച്ച് അന്ന് കോളേജില്‍ വരാത്തവരെ കൂട്ടാതെ). ഒരു വാനും ഒരു ജീപ്പും കൂടി വന്നാലും ട്രിപ്പ് അടിച്ച് കുറെ ഡീസല്‍ കത്തിപ്പോവും. പിന്നെ അടുത്ത കണ്ടീഷന്‍, ആദ്യം പെണ്‍കുട്ടികളെ കൊണ്ടുപോവണം എന്ന്. രണ്ടും അവര്‍ സമ്മതിച്ചു. അങ്ങനെ അറസ്റ്റ് തുടങ്ങി.
അറസ്റ്റ് എന്നു പറയുമ്പോ ഇരുണ്ട ഒരു ലോക്കപ്പും അഴികളുമൊക്കെ ആയിരുന്നു എന്റെ മനസ്സില്‍ തെളിയുന്നത്. അങ്ങനെ പെണ്‍കുട്ടികളുടെ ലാസ്റ്റ് ട്രിപ്പില്‍ കുറച്ച് ആണ്‍കുട്ടികളും കയറി. ഞാനും എന്റെ കൂട്ടുകാരന് ബോബിയും ആയിരുന്നു ജീപ്പിന്റെ മുമ്പിലത്തെ സീറ്റില്‍ ഡ്രൈവറുടെ കൂടെ. കയറി ജീപ്പ് വിട്ടതും ഞങ്ങള്‍ മുദ്രാവാക്യം വിളി തുടങ്ങി. ഇതു എന്റെ ആദ്യത്തെ സമരമാണെന്ന് ആരും വിചാരിക്കെണ്ട....സമരവും ജയിലും ഒക്കെ ഒരു പുത്തരിയല്ല എന്നു വിചാരിച്ചോട്ടെ എന്നു മനസ്സില്‍ കരുതി ഘോരഘോരം ഞാനും മുദ്രാവാക്യം വിളിച്ച് തുടങ്ങി. ഞങ്ങളുടെ ചോരത്തിളപ്പ് കണ്ട് ഒരു ചെറുപുഞ്ചിരിയോടെ ആ ജീപ്പ് ഡ്രൈവര്‍ ചോദിച്ചു,
“ഇതിപ്പൊ ആരേ കേള്‍പ്പിക്കാനാ ഈ മുദ്രാവാക്യം വിളി?. ടൌണ്‍ എത്താറാവുമ്പോ ഞാന്‍ പറയാം. അപ്പൊ വിളിച്ച് തുടങ്ങിയാ മതി.”
അതു കേട്ട് ഞങ്ങള്‍ ഒന്നടങ്ങി. പറഞ്ഞതു പോലെ ടൌണ്‍ എത്തുന്നതിനു ഒരഞ്ച് മിനിറ്റ് മുമ്പ് പുള്ളി പറഞ്ഞു, ടൌണ്‍ എത്താറായി...വിളിച്ചു തുടങ്ങിക്കോളാന്‍. എന്റെ മനസ്സില്‍ ഉണ്ടായിരുന്ന പോലീസുകാരന്റെ ഇമേജുമായിട്ട് പുള്ളി തീരെ അങ്ങോട്ട് മാച്ച് ആവുന്നില്ലായിരുന്നു...മുദ്രാവാക്യം വിളിക്കാന്‍ പോലീസുകാരന് പറയ്യേ....ഇതു വരെ കേട്ടിട്ടും വായിച്ചിട്ടും ഒക്കെ ഉള്ളതു മുദ്രാവാക്യം വിളിക്കാന്‍ വാ തുറന്നാല്‍ വായില്‍ ലാത്തി കുത്തികേറ്റുന്ന പോലീസുകാരെ കുറിച്ചാണ്. അതിനിടെ ഇങ്ങനൊരാള്. ഈ ചിന്താക്കുഴപ്പങ്ങളും മുദ്രാവാക്യം വിളിയുമൊക്കെയായി ഞങ്ങള്‍ അങ്ങനെ പയ്യോളി പോലീസ് സ്റ്റേഷനില്‍ എത്തി. അവിടെ കണ്ട കാഴ്ച..........
നല്ല പച്ചപ്പുല്ലിന്റെ ലോണ്‍...അതില്‍ വട്ടം കൂടിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍.....അന്താക്ഷരിയോ മറ്റോ കളിക്കുന്നതില്‍ ബിസി ആയിരുന്നു അവര്‍....പിന്നെ ചിലര്‍ അവിടത്തെ പോലീസുകാരുമായി കത്തിയടി....എല്ലാരും നല്ല ജോളി മൂഡ്...പിന്നെ അധികം ആലോചിക്കാന്‍ നിന്നില്ല...ഞങ്ങളും കൂടി...പോലീസ് സ്റ്റേഷനില്‍ കിടന്നര്‍മ്മാദിക്കാന്‍ ദൈവം ഇനി ഒരവസരം തന്നില്ലെങ്കിലോ...
വാല്‍ക്കഷ്ണം: സമരം അടുത്ത ദിവസം ഒത്തുത്തീര്‍പ്പായി...പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ സഹകരിച്ച ഞങ്ങളെ പോലീസുകാര്‍ക്ക് വളരെ ഇഷ്ടമായി....അറസ്റ്റു പേടിച്ച് അന്ന് കോളേജില്‍ വരാത്തവരെ അടുത്ത ദിവസം എല്ലാരും കൂടി കൂവി നാറ്റിച്ചു.....S5ഇല് ടൂര്‍ നടക്കാത്തതു കാരണം പയ്യോളി പോലീസ് സ്റ്റേഷനിലെ ആ ഒരു പകല്‍ ഞങ്ങള്‍ ഒരു പിക്നിക് ആയി ഇന്നും മാനിച്ചുപോരുന്നു.....